പെരിങ്ങോട്ടുകര: ദേവസ്‌ഥാനം മുൻ ദേവസ്ഥാനാധിപതിയായിരുന്ന ദാമോദരസ്വാമികളുടെ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ദേവസ്ഥാനം സംഗീത നൃത്തമണ്ഡപത്തിൽ 100 ദിവസം തുടർച്ചയായി ദേവസ്ഥാനം ഭാരതീയ ന്യത്തോത്സവം 2024 മാർച്ച് 09 ശനിയാഴ്‌ച മുതൽ ജൂൺ 16 വരെ നടത്തപ്പെടുന്നു. 100 ദിവസങ്ങൾ നിരന്തരമായി നടത്തുന്ന ഏഷ്യയിലെ ആദ്യത്തെ സംരംഭമായ ഈ നൃത്തോത്സവത്തിൽ തനത് ഭാരതീയ നൃത്തരൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഒഡിസി, സത്രിയ, കഥക്, മണിപ്പൂരി, കൂടിയാട്ടം, ഓട്ടൻതുള്ളൽ, കഥകളി, യക്ഷഗാനം, തിരുവാതിരകളി എന്നിവയുടെ സംഗമ വേദിയായി മാറും. മാർച്ച് 09 ന് രാവിലെ 9.30 ന് ലോക പ്രശസ്ത നർത്തകി പദ്‌മഭൂഷൺ ഡോ. മല്ലിക സാരാഭായ് ഉദ്ഘാടനം ചെയ്യും.
ദേവസ്‌ഥാനാധിപതി ഡോ. ഉണ്ണി ദാമോദരസ്വാമികൾ അനുഗ്രഹഭാഷണം നടത്തും. സമാപനദിവസമായ ജൂൺ 16 ന് പ്രശസ്ത ഭരതനാട്യം നർത്തകി പദ്‌മഭൂഷൺ ചിത്ര വിശ്വേശ്വരന് ദേവസ്‌ഥാനം നാട്യമയൂരി പുരസ്കാരം നൽകി ആദരിക്കും. 50000 രൂപയും ശിവപാർവ്വതി വിഷ്ണുമായ സ്വാമിയുടെ പഞ്ചലോഹ വിഗ്രഹവുമാണ് അവാർഡ്. പത്രസമ്മേളനത്തിൽ ദേവസ്ഥാനം ട്രസ്റ്റി അഡ്വ. കെ.വി. പ്രവീൺകുമാർ, പിആർഒ കെ.ജി. ഹരിദാസ്, ദേവസ്‌ഥാനം കലാപീഠം അഡ്‌മിനിട്രേറ്റീവ് മാനേജർ എം.ബി. സന്തോഷ് ദേവസ്‌ഥാനം കലാപീഠം പ്രിൻസിപ്പാൾ ഡോ. ജെ.പി. ശർമ്മ, ഉപദേശക സമിതി അംഗം കെ. ദിനേശ് രാജ എന്നിവർ പങ്കെടുത്തു.