തൃശൂർ: ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ സിറ്റിങ് എംപി ടി.എൻ. പ്രതാപന് പകരം കെ. മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായേക്കും. വ്യാഴാഴ്ച രാത്രി ചേർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ടി.എൻ. പ്രതാപന് അടുത്ത നിയമസഭാ സീറ്റിൽ സ്ഥാനാർഥിത്വം നൽകും എന്ന ധാരണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വെച്ച നിർദേശത്തെ നേതാക്കൾ അംഗീകരിക്കുകയായിരുന്നു. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്ന സാഹചര്യത്തിലാണ് കെ. മുരളീധരനെ സ്ഥാനാർഥിയാക്കാൻ തീരുമാനം. പാർലമെണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് നേരത്തെ പ്രതാപൻ പ്രഖ്യാപിച്ചതായിരുന്നു. വെറുപ്പിനെതിരെ ടി.എൻ. പ്രതാപൻ നടത്തിയ സ്നേഹ സന്ദേശ യാത്ര പകുതി ദൂരം പിന്നിടുമ്പോഴേക്കും പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിൻവാങ്ങാൻ പ്രതാപൻ തീരുമാനിക്കുകയും വി.ടി. ബൽറാം മത്സരിച്ചേക്കുമെന്ന ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. പത്മജയുടെ ബിജെപി പ്രവേശന വിവാദംഏറ്റവും അധികം ചർച്ചയാവുക തൃശൂരിലാണെന്നതിനാൽ എന്ത് വില കൊടുത്ത് സീറ്റ് നിലനിറുത്താനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്സ് നേതൃത്വം.
തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടത് സ്ഥാനാർഥിയായ വി.എസ്. സുനിൽകുമാർ നിലവിൽ വളരെ മുന്നിലാണ്. മുൻപ് തൃശൂരിൽ വി.വി. രാഘവനെതിരെ മത്സരിച്ച് തോറ്റ ചരിത്രമുണ്ട് മുരളീധരന്. ഗ്രൂപ്പ് പോര് ശക്തമായി നിലനിൽക്കുന്ന തൃശൂരിൽ കരുണാകരൻ വൈകാരികതയിൽ കോൺഗ്രസ്സ് പ്രതാപം നിലനിർത്താൻ കെ.മുരളീധരന് സാധിക്കുമോ യെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.