കാഞ്ഞാണി: കാഞ്ഞാണി തൃക്കുന്നത്ത് ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾക്കിടെ ബിജെപി ലോക്‌സഭാ സ്ഥാനാർഥി സുരേഷ് ഗോപിയെത്തി തൊഴുതു മടങ്ങി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സുരേഷ് ഗോപി എത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ സുരേഷ് ഗോപിയെ കാത്തു നിന്നിരുന്നു. ക്ഷേത്രം ഊരായ്മ പ്രസിഡന്റ് ദിവാകരൻ തിരുമേനി, സെക്രട്ടറി മാങ്കൊര് മനയ്ക്കൽ പ്രമോദ് എന്നിവർ ചേർന്ന് സുരേഷ് ഗോപിയെ ഉപഹാരം നൽകി സ്വീകരിച്ചു. പടിക്കെട്ടുകൾ കയറി ശിവ ക്ഷേത്രത്തിനു മുന്നണിലെത്തി തൊഴുതു നിന്ന സുരേഷ് ഗോപിക്ക് പഴങ്ങാപ്പറമ്പ് രാമൻ തിരുമേനിയും മുരളി തിരുമേനിയും ചേർന്ന് പ്രസാദം നൽകി. ക്ഷേത്രം പ്രസിഡന്റ് രഞ്ജിത്ത് മുടവങ്ങാട്ടിൽ സുരേഷ് ഗോപിക്ക് താമരമാല അണിയിച്ചു.
സ്ഥാനാർത്ഥിയുടെ പരിവേഷമില്ലാതെ നടന്നു നീങ്ങിയ സുരേഷ്‌ഗോപി തന്നെ കാത്തു നിന്നവർക്കിടയിലൂടെ സൗഹൃദം പങ്കിട്ട് നടന്നു നീങ്ങി. നാഷണൽ മെഡൽ ജേതാക്കളായ വിദ്യാർത്ഥികൾക്കും അവരുടെ പരിശീലകനും സുരേഷ് ഗോപി ഉപഹാരം സമ്മാനിച്ചു. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.