ഗുരുവായൂർ: വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയെ കപ്പിയൂർ ചിറക്കൽ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ കോട്ടപ്പടി കപ്പിയൂർ ഇരിപ്പശ്ശേരി കോരൻ രമണി ദമ്പതികളുടെ ഏക മകളും കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ ആതിര (23)യാണ് മരിച്ചത്. ആതിരയെ കാണാതായതിനെ തുടർന്ന് ഗുരുവായൂർ പോലീസിൽ പരാതി നൽകിയിരുന്നു. രാവിലെ മുതൽ നാട്ടുകാരും വീട്ടുകാരും പലയിടങ്ങളിലും അന്വേഷിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതിനിടെ ആതിരയെ അമ്പലത്തിൽ കണ്ടിരുന്നതായി വിവരം ലഭിച്ചിരുന്നു. വൈകുന്നേരം നാലുമണിയോടെ നാട്ടുകാരിൽ ചിലർ ചണ്ടി നിറഞ്ഞു കിടക്കുന്ന അമ്പലക്കുളത്തിൽ വടിയും കമ്പും ഉപയോഗിച്ച് തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം തടഞ്ഞത്.
വിവരം അറിയിച്ചതിനെ തുടർന്ന് ഗുരുവായൂർ ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം കരക്കെടുത്തത്. ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന ആതിര വീട്ടിൽ വന്നത് മുതൽ മാനസിക സമ്മർദ്ദം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. മാതാവ് രമണി അംഗൻവാടി ടീച്ചറാണ്.