എടവിലങ്ങ്: ഇഴയടുപ്പമുള്ള പായ കണക്കെ വാർദ്ധക്യത്തിലും ജീവിതം നെയ്തെടുക്കുകയാണ് ചന്ദ്രികയെന്ന 74 വയസ്സുകാരി. എടവിലങ്ങ് പഞ്ചായത്തിലെ രണ്ടാം വാർഡിൽ ആശാരിമൂലയിൽ താമസിക്കുന്ന കൊള്ളിക്കത്തറ വീട്ടിൽ പരേതനായ അറുമുഖൻ്റെ ഭാര്യ ചന്ദ്രിക ജീവിത സായാഹ്നത്തിലും അദ്ധ്വാനത്തിൻ്റെ രുചി നുണയുകയാണ്. സഹോദരി സൗദാമിനിയും, ചന്ദ്രികയുമാണ് ഈ വീട്ടിൽ താമസം. ബാല്യകാലം മുതൽക്കെ തഴപ്പായ നെയ്ത്ത് തൊഴിലാളിയായ ചന്ദ്രിക ചകിരിത്തൊഴിലാളിയായും ജോലി ചെയ്തിട്ടുണ്ട്.
ആയ കാലങ്ങളിൽ ദിവസത്തിൽ രണ്ട് പായ വരെ ചന്ദ്രിക നെയ്തിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടെങ്കിലും ഇന്നും ദിവസത്തിൽ ഒരു പായ നെയ്ത് ജീവിക്കാനുള്ള വക കണ്ടെത്തുന്നുണ്ട് ഈ തൊഴിലാളി. പച്ചത്തഴ വെട്ടിയെടുത്ത് ഉണക്കുന്നതിൽ തുടങ്ങി പായ നെയ്യുന്നതുൾപ്പടെ എല്ലാ പ്രവൃത്തികളും ചന്ദ്രിക സ്വന്തമായി ചെയ്യും. എല്ലുമുറിയെ പണിയെടുത്താലും ഒരു നേരത്തിനുള്ള വകയ്ക്കുള്ള വരുമാനം പായ നെയ്ത്തിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് ചന്ദ്രിക പറയുന്നത്. പ്ലാസ്റ്റിക് പായകളുടെ കടന്നുവരവോടെ തഴ പായയ്ക്ക് ആവശ്യക്കാർ കുറവാണുള്ളത്.നിലവിൽ പായയ്ക്ക് 200 രൂപയിൽ താഴെ മാത്രമാണ് വില ലഭിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കൈതമുള്ള് തറച്ച കാലിലെ മുറിവ് നൽകുന്ന വേദനയെ വകവെക്കാതെ ചന്ദ്രിക ജീവിതം നെയ്തെടുക്കുകയാണ്.