തൃപ്രയാർ: എല്ലാ സാമുദായിക സന്തുലനങ്ങളും പാലിച്ചാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടികയെന്ന നേതൃത്വത്തിന്റെ വാദം പൊള്ളയാണെന്ന് ആരോപിച്ച് ധീവരസഭ തൃപ്രയാറിൽ പ്രകടനം നടത്തി. ടി.എൻ. പ്രതാപനെ മാറ്റി കെ. മുരളീധരനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ധീവരസഭ പ്രകടനം നടത്തിയത്. നൂറ് ശതമാനം വിജയസാധ്യതയുള്ള ഒരാളെ മറ്റു ന്യായങ്ങൾ പറഞ്ഞ് മറ്റെന്തോ ഉദ്ദേശത്തിനാണ് ഒഴിവാക്കിയത്. ഇത് കേരളത്തിലെ മുഴുവൻ പാർലമെന്റ് മണ്ഡലത്തിലും പ്രതിഫലിക്കും. ധീവരസഭ പരസ്യമായി പിന്തുണച്ച സമയത്ത് ബഹുഭൂരിപക്ഷം തീരദേശ സീറ്റിലും വിജയിച്ച ചരിത്രവുമുണ്ടായിട്ടുണ്ട്. സമുദായത്തെ അവഗണിക്കുന്നതിന്റെ ഫലമാണ് ഇപ്പോൾ തെരഞ്ഞെടുപ്പിൽ കാണുന്ന തിരിച്ചടികൾ. ഇത് മനസ്സിലാക്കാൻ കോൺഗ്രസ് നേതൃത്വം തയാറായി തെറ്റ് തിരുത്തണം. അല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും ധീവരസഭ മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിലും നീതി നിഷേധത്തിലും പ്രതിഷേധിച്ച് അഖില കേരള ധീവരസഭ ജില്ല കമ്മിറ്റി തൃപ്രയാറിൽ അവകാശ സംരക്ഷണ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി. ജില്ല പ്രസിഡന്റ് കെ.വി. തമ്പി അധ്യക്ഷത വഹിച്ചു. അഖില കേരള ധീവരസഭ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.വി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ടി.വി. ശ്രീജിത്ത് ആമുഖ പ്രഭാഷണം നടത്തി. യു.എം. സുബ്രഹ്മണ്യൻ, വെങ്കിടേഷ്, യു. ബി. മണികണ്ഠൻ, ബാബു കുന്നുങ്ങൽ, ജയൻ കാര എന്നിവർ സംസാരി ച്ചു. യു.എ. ഉണ്ണികൃഷ്ണൻ, കെ.ടി. കുട്ടൻ, ഇത്തിക്കാട്ട് ബാലൻ, ശകുന്തള കൃഷ്ണൻ, ഹേമ തമ്പി, മണികണ്ഠൻ, വിജയൻ പനക്കൽ, എൻ.ആർ. പ്രശാന്ത്, വേണു ചാമക്കാല എന്നിവർ നേതൃത്വം നൽകി.