ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന് പൂരപ്പാടം ഒരുക്കിത്തുടങ്ങി. തേവർ റോഡിന്റെ ഇരുവശത്തുമുള്ള 30 ഏക്കറിലധികം വിസ്തൃതിയിലുള്ള പൂരപ്പാടം ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പൂരത്തിന്റെ പ്രധാന ആകർഷണവും ഭക്തിനിർഭരവുമായ കൂട്ടിയെഴുന്നള്ളിപ്പ് നടക്കുന്നത് ഈ പാടത്താണ്.
തൃപ്രയാർ തേവർ, ഊരകത്ത മ്മത്തിരുവടി, ചേർപ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ്, തൊട്ടിപ്പാൾ ഭഗവതി, നെട്ടിശ്ശേരി ശാസ്താവ്, പൂനിലാർക്കാവ് ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചാലക്കുടി പിഷാരിക്കൽ ഭഗവതി എന്നീ ദേവീദേവന്മാരുടെ എഴുന്നള്ളിപ്പുകൾ നടക്കുന്നതും അടുത്ത വർഷത്തെ പൂരം തീയതി വിളംബരം ചെയ്യുന്നതും തുടർന്ന് ദേവീദേവന്മാർ ആറാട്ടുപുഴ ശാസ്താവിനോടു ഉപചാരം ചൊല്ലുന്നതും ഈ പാടത്ത് വെച്ചാണ്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പൂരപ്പാടം സജ്ജമാക്കുന്നത്. പൂരം കൊടിയേറ്റം 17നും തിരുവാതിര വിളക്ക് 19ന് വെളുപ്പിനും പെരുവനം പൂരം മാർച്ച് 20നും ആറാട്ടുപുഴ തറക്കൽ പൂരം 22നും ആറാട്ടുപുഴ പൂരം 23നുമാണ് നടക്കുക.