വാടാനപ്പള്ളി: വിളവെടുപ്പിനൊരുങ്ങിയ കൂടു കൃഷിയിലെ മത്സൃങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിയതോടെ മത്സ്യ കർഷകന് വൻ നഷ്ടം . നടുവിൽക്കര വടക്കുമുറി ബണ്ട് റോഡിന് കിഴക്ക് കനോലി പുഴയിൽ കൂടുമത്സ്യ കൃഷി നടത്തുന്ന അന്തിക്കാട്ട് വീട്ടിൽ ലെനിൻ ആണ് ദുരിതത്തിലായത്. നാല് വർഷം മുമ്പാണ് ലെനിൽ സുഹൃത്തുമായി ചേർന്ന് സർക്കാർ സഹായത്താൽ പുഴയിൽ മത്സ്യ കൃഷി ആരംഭിച്ചത്. ആദൃ വിളവെടുപ്പിന് ശേഷം ആയിരത്തോളം കളാഞ്ചി കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു.
നീണ്ട പരിപാലനത്തിലൂടെ ഇവ പൂർണ വളർച്ചയെത്തിയിരുന്നു. മത്സ്യം ഒന്നിന് ഒരു കിലോ വീതം തൂക്കമുണ്ട്. ഈ മാസം അവസാനം വിളവെടുപ്പ് നടത്താൻ തീരുമാനിച്ചതാണ്. അതിനിടയിലാണ് ഞായറാഴ്ച മത്സ്യം കൂട്ടത്തോടെ ചത്തുപൊന്തിയത്. വെള്ളത്തിൽ കലർന്ന കെമിക്കലാണ് മത്സ്യം ചത്തുപൊന്താൻ കാരണമെന്നാണ് നിഗമനം. ദേശിയ പാതവികസനത്തിന്റെ ഭാഗമായി ചേറ്റുവയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പണിക്കിടയിൽ പുഴയിൽ കെമിക്കൽ കലരുന്നുണ്ട്. ഇതു മൂലം പ്രദേശത്തെ മത്സ്യം മറ്റിടത്തക്ക് പോകുന്നതിനാൽ ചേറ്റുവ മേഖലയിൽ മത്സ്യ ലഭ്യത കുറയുന്നുമുണ്ട്. ഇതിനിടയിലാണ് വെള്ളത്തിൽ വിഷാംശം കലർന്ന് മത്സ്യം ചത്തുപൊന്തിയത്