കാഞ്ഞാണി: ബിജെപി ലോക്‌സഭാ സ്ഥാനാർഥി സുരേഷ് ഗോപിയുടെ റോഡ് ഷോയ്ക്ക് അന്തിക്കാട് പഞ്ചായത്തിൽ ഉജ്ജ്വല സ്വീകരണം. വാദ്യമേളങ്ങളുടെ അകമ്പടിയിൽ പ്രവർത്തകരുടെ ആവേശത്തിനൊപ്പം സ്ഥാനാർത്ഥിയും കൂടി. നാട്ടിക മണ്ഡലത്തിലെ പര്യടനത്തിന്റെ ഭാഗമായി അവസാനമാണ് റോഡ് ഷോ അന്തിക്കാട്ടെത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ വഴിയിൽ ആവേശത്തോടെ കാത്തുനിന്നു. എല്ലാവരെയും അഭിവാദ്യം ചെയ്ത് സുരേഷ് ഗോപി വേദിയിലെത്തി. മറ്റു പാർട്ടികളിൽ നിന്നും ബിജെപി യിലേക്ക് വന്നവരെ സുരേഷ് ഗോപി ഷാൾ അണിയിച്ച് ആദരിച്ചു.
നാട്ടിക മണ്ഡലത്തിലെ 5 പഞ്ചായത്തുകളിൽ നിന്നായി 296 പേരാണ് ബിജെപി യിലേക്ക് മാറിയത്. ബിജെപി അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പുളിക്കത്തറ അധ്യക്ഷനായി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സർജ്ജു തൊയക്കാവ്, പൂർണിമ സുരേഷ്,നാട്ടിക മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ്, സെക്രട്ടറി ഗോകുൽ കരിപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.