കൊടുങ്ങല്ലൂർ: വനിതാ ഹോട്ടലിൽ മോഷണം. പണവും ശീതളപാനീയവും കോഴിമുട്ടയും കവർന്നു. കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് കീഴിൽ മേത്തല സോണൽ ഓഫീസ് പരിസരത്ത് കുടുംബശ്രീ അംഗങ്ങൾ ചേർന്ന് നടത്തുന്ന ഊട്ടുപുര ജനകീയ ഹോട്ടലിലാണ് മോഷണം നടന്നത്. സ്ഥാപനത്തിൻ്റെ താഴ് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ആയിരത്തോളം രൂപയും, ഫ്രിഡ്ജിലുണ്ടായിരുന്ന ശീതളപാനീയ കുപ്പികളും, കോഴിമുട്ടയും കവരുകയായിരുന്നു. ഇന്ന് രാവിലെ ഹോട്ടൽ തുറക്കാനെത്തിയവരാണ് മോഷണവിവരം അറിഞ്ഞത്. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.