വാടാനപ്പള്ളി: ഫാറൂഖ് നഗർ ആനവളവ് വടക്കൻ വേൽമുരുകൻ ആദി ഗുരു മൂത്തപ്പൻ ഭദ്രകാളി വിഷ്ണു മായ ക്ഷേത്രത്തിലെ ഉൽസവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി. കൊല്ലം ശിവൻ എന്ന ആനയാണ് തിങ്കളാഴ്ച വൈകീട്ട് ഇടഞ്ഞത്. എഴുന്നെള്ളിക്കാൻ കൊണ്ടുപോയിരുന്ന ആന ഫാറൂഖ് മസ്ജിദിന് സമീപം വെച്ചാണ് അനുസരകേട് കാണിച്ചത്. ആനയെ തളക്കാൻ പാപ്പാൻമാർ ശ്രമിച്ചെങ്കിലും ആ ന ഇവരെ തുരത്തുകയായിരുന്നു. കുത്താൻ ഓടിച്ച ആനയിൽ നിന്ന് പാപ്പാൻ അത്ഭുദകരമായാണ് രക്ഷപ്പെട്ടത്.
നാശനഷ്ടം ഉണ്ടാക്കാതിരുന്ന ആനയെ സ്ക്വാഡും പാപ്പാൻ മാരും ചേർന്നാണ് കയറിട്ട് വളരെ പാടുപെട്ട് തളച്ചത്. ആനയെ പിന്നീട് ലോറിയിൽ കയറ്റി കൊണ്ടുപോയി. ആന ഇടഞ്ഞ വിവരം അറിഞ്ഞ് നിരവധി പേരാണ് എത്തിയത്. വാടാനപ്പള്ളി പൊലീസും സ്ഥലത്തെത്തിയിരുന്നു. ആനയില്ലാതെയാണ് ഉത്സവത്തിന്റെ എഴുന്നെള്ളിപ്പ് നടന്നത്. കൊടും ചൂടിൽ ആനയെ കൊണ്ടുവന്നതാണ് ആനയിടയാൻ കാരണമായത്.