തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന്റെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് നാളെ (ഞായറാഴ്ച) നടക്കും. പകൽ 2.15 നും, 3.15 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ സ്വർണക്കോലത്തിൽ പുറത്തേക്ക് എഴുന്നള്ളുന്ന തേവർ മൂന്നാനകളോടെ പടിഞ്ഞാറേ നടപ്പുരയിലെത്തി പറ സ്വീകരിച്ചശേഷം അഞ്ച് ആനകളുമായി സേതുകുളത്തിലേക്ക് ആറാട്ടിന് എഴുന്നള്ളും. ആറാട്ടിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളും. ക്ഷേത്രത്തിലെ പതിവുചടങ്ങുകൾക്കുശേഷം പാണികൊട്ടി പുറത്തേക്ക് എഴുന്നള്ളിച്ച് ക്ഷേത്രം ചുറ്റമ്പലത്തിനകത്തെ തീർഥക്കിണറ്റിൻകരയിൽ ചെമ്പിലാറാട്ട് നടത്തും. തിങ്കളാഴ്ച രാവിലെ 7.30-ഓടെ തേവർ സ്വർണക്കോലത്തിൽ മൂന്ന് ആനകളോടെ നടയ്ക്കൽപ്പൂരത്തിന് എഴുന്നള്ളും.
വൈകീട്ട് നാലോടെ കാട്ടൂർ പൂരത്തിന് പുറപ്പെടും. ചൊവ്വാഴ്ച രാവിലെ എട്ടോടെ ബ്ലാഹയിൽക്കുളത്തിൽ ആറാട്ടിനായി പുറപ്പെടും. ബുധനാഴ്ച തേവർ ചാലുകുത്തലിന് യാത്രയാകും.ക്ഷേത്രത്തിൽ തിരിച്ച് എഴുന്നള്ളി പതിവ് ക്ഷേത്രച്ചടങ്ങുകൾ. വൈകീട്ട് ആറിന് രാമൻകുളം ആറാട്ടിനു പുറപ്പെടും. വ്യാഴാഴ്ച സന്ധ്യക്ക് നി യമവെടിക്കുശേഷം പള്ളിയോടത്തിൽ പുഴ കടന്ന് കിഴക്കേക്കരയിലെ ഗ്രാമപ്രദക്ഷിണത്തിന് യാത്രയാകും. തുടർന്നുള്ള ദിവസങ്ങളിൽ കിഴക്കേക്കരയിലാണ് ഗ്രാമപ്രദക്ഷിണം. ശനിയാഴ്ച അത്താഴപ്പൂജയും അത്താഴശ്ശീവേലിയും കഴിഞ്ഞാണ് ആറാട്ടുപുഴ പൂരത്തിന്റെ നായകനാവാൻ തേവർ എഴുന്നള്ളുക.