ചാവക്കാട് : ചാവക്കാട് നഗരമധ്യത്തിലെ കെട്ടിടത്തിനു തീ പിടിച്ചു. കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെടെ കെട്ടിടം കത്തിനശിച്ചു. ചാവക്കാട് ജങ്ഷനിൽ കുന്നംകുളം റോഡിലുള്ള അസീസ് കൂട്ട് വെയർ, ടിപ് ടോപ് ഫാൻസി ഷോപ്പ്, തുണിക്കട എന്നിവ പ്രവർത്തിക്കുന്ന നഗര മധ്യത്തിലെ ഓടിട്ട കെട്ടിടമാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഗുരുവായൂർ, കുന്നംകുളം, പൊന്നാനി എന്നിവിടങ്ങളിൽ നിന്നായി എട്ടു യൂണിറ്റ് ഫയർ ഫോഴ്സ് എത്തി മണിക്കൂറുകൾ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്തുള്ള വൈദ്യുതി ട്രാൻസ്ഫോർമാറിലെ കേബിളുകളും കത്തിനശിച്ചു.
പെരുമ്പിലാവ് സ്വദേശി സലീമിന്റെ ഫൂട്ട് വെയർ ഷോപ്പിന് പിൻവശത്ത് നിന്നാണ് തീ പടർന്നതെന്ന് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് പറഞ്ഞു. ആദ്യം പ്ലാസ്റ്റിക് ഉരുകുന്ന മണവും പുകയും കണ്ടെന്നും പിന്നീടാണ് തീ പടർന്നു പിടിച്ചതെന്നും ദൃക്സാക്ഷികൾ പറയുന്നു. ചെരിപ്പ് കടയും, തുണിക്കടയും പൂർണ്ണമായും കത്തി നശിച്ചു. ഫാൻസിക്കട പകുതിയിലധികവും കത്തിയിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു, ആളപായമില്ല.
previous post