ചാവക്കാട്: ചാവക്കാട് ടൗണിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉണ്ടായ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചെന്ന് ചാവക്കാട് മർച്ചന്റ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
മൂന്ന് സ്ഥാപനങ്ങൾക്ക് കൂടി സ്റ്റോക് ഇനത്തിൽ മാത്രം ഒരു കോടി രൂപയും, കെട്ടിടത്തിന്റെ നാശനഷ്ടം കൂടി കണക്കാക്കുമ്പോൾ രണ്ട് കോടി രൂപയിലേറെ രൂപയും നഷ്ടം സംഭവിച്ചതായി വ്യാപരികൾ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും, ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ടുമായ കെ.വി. അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ സ്ഥലം സന്ദർശിക്കുകയും വ്യാപാരികൾക്ക് വേണ്ടുന്ന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അവിചാരിതമായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ സാമ്പത്തിക പരിരക്ഷ ലഭിക്കുന്നതിനായി മുഴുവൻ വ്യാപാരികളും ഇൻഷുറൻസ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അഗ്നിക്കിരയായ സ്ഥാപനങ്ങളുടെ ഉടമകളായ അബ്ദുൾ സലീം (അസീസ്ഫുട്ട് വെയർ), മുഹമ്മദാലി (ടിപ്ടോപ്പ്), ഷെമീർ (പൊന്നൂസ്) എന്നിവരെ അസോസിയേഷൻ ഭാരവാഹികൾ ആശ്വസിപ്പിച്ചു. മുഴുവൻ അംഗങ്ങളും കൂടെയുണ്ടെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു. സെക്രട്ടറിമാരായ പി.എം. അബ്ദുൾ ജാഫർ, പി എസ് അക്ബർ, എ.എസ്. രാജൻ, സി.എം.എ സെക്രട്ടറിയേറ്റ് മെമ്പർ ഇ.എ. ഷിബു, അഷറഫ് (അലങ്കാർ) എന്നിവർ സംസാരിച്ചു.