തൃപ്രയാർ: തേവരുടെ യാത്രയ്‌ക്ക് തടസ്സമായി പുതിയ ദേശീയപാതയിൽ കാന പണി. വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറാണ് കാനയ്‌ക്ക് വേണ്ടി കുഴിയെടുത്തത്. ബുധനാഴ്ച വെന്നിക്കൽ ക്ഷേത്രത്തിലെ പറയ്‌ക്കും, കോതകുളം ആറാട്ടിനും, പൈനൂരിലെ ചാലുകുത്തലിനും തേവർ എഴുന്നള്ളുന്നത് ഈ വഴിയാണ്. വഴിയിൽ ആഴത്തിലുള്ള കുഴിയായതിനാൽ തേവരുടെ തിടമ്പേറ്റുന്ന ആനയ്ക്ക് ഇറങ്ങാൻ പറ്റില്ല. ദേവസ്വം അധികൃതർ എഡിഎമ്മിനേയും, കോതകുളം ആറാട്ട് കമ്മിറ്റി ദേശീയപാതയുടെ കരാറുകാരായ ശിവാലയയേയും വിവരം ധരിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കുഴി മൂടിയില്ലെങ്കിൽ തേവരുടെ യാത്ര പ്രതിസന്ധിയിലാവും.