കൊടുങ്ങല്ലൂർ: കയ്പമംഗലത്ത് എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യ ബന്ധന ബോട്ടിലെ തൊഴിലാളികളെ ഫിഷറീസ് റെസ്ക്യു ടീം രക്ഷപ്പെടുത്തി. കോഴിക്കോട് പുതിയാപ്പ ഹാർബറിൽ നിന്നും മുന്ന് ദിവസം മുൻപ് ആഴക്കടൽ മത്സ്യബന്ധനത്തിന് പുറപ്പെട്ട ആനന്ദേശ്വരത്തപ്പൻഎന്ന ബോട്ടും കോഴിക്കോട് സ്വദേശികളായ എഴ് മത്സ്യ തൊഴിലാളികളെയുമാണ് ശക്തിയായ കാറ്റിനിടയിൽ രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.
കരയിൽ നിന്നും പന്ത്രണ്ട് നോട്ടിക്കൽ മൈൽ അകലെ വഞ്ചിപ്പുര വടക്കുപടിഞ്ഞാറ് ഭാഗത്തായിരുന്നു സംഭവം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സഹായാഭ്യർത്ഥന ലഭിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ എം.എഫ്. പോളിൻ്റെ നിര്‍ദേശ പ്രകാരം മറൈൻ എൻഫോഴ്സ്മെൻറ് ആൻ്റ് വിജിലൻസ് വിങ് ഉദ്യേഗസ്ഥരായ വി.എം ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ ഷിനിൽകുമാർ, റസ്‌ക്യൂ ഗാര്‍ഡ് ഫസൽ, ബോട്ട് സ്രാങ്ക് ദേവസ്സി, മുനമ്പം എഞ്ചിൻ ഡ്രൈവർ ആൻ്റണി എന്നിവരടങ്ങിയ സംഘം ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ വള്ളത്തെയും തൊഴിലാളികളെയും സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു.