തൃപ്രയാർ: ദേശത്തെ കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി തേവരുടെ പ്രശസ്തമായ പൈനൂർ ചാലുകുത്തൽ നടന്നു. രാവിലെ വലപ്പാട് വെന്നിക്കൽ അമ്പലത്തിൽ പറയെടുത്ത്, കോതകുളത്തിൽ ആറാട്ടിന് ശേഷമാണ് തേവർ പൈനൂരിലേയ്ക്ക് എഴുന്നള്ളിയത്. തേവർ ചാലുകുത്തിയാൽ കൃഷിക്ക് വിത്തിറക്കാമെന്നാണ് വിശ്വാസം. ചാലുകുത്തുന്ന സ്ഥലം ഇപ്പോഴും തേവർക്കായി മാറ്റിവച്ചിരിക്കയാണ്. തേവരും സംഘവും എത്തിയതോടെ അവകാശികളായ കണ്ണോത്ത് തറവാട്ടുകാർ നിറപറ വച്ച് സ്വീകരിച്ചു. തേവരെ എഴുന്നള്ളിക്കുന്ന കൊമ്പൻ തിടമ്പേറ്റിയുള്ള കോലവുമായി മണ്ണിലേയ്ക്ക് കൊമ്പ് ആഴ്ത്തി മണ്ണെടുത്തു.
തൽസമയം ശംഖു വിളിയും ആചാരവെടിയും മുഴങ്ങി. മൂന്ന് തവണയായി കൊമ്പൻ ഇത് ആവർത്തിച്ചു. ആദ്യം കുത്തിയെടുത്ത മണ്ണിന്റെ അവകാശം കണ്ണോത്ത് തറവാട്ടുകാർക്കാണ്. ആനയുടെ കൊമ്പിലെ മണ്ണ് ശേഖരിക്കാൻ ഭക്തരുടെ തിരക്കാണ്. വീട്ടിലെ പത്തായങ്ങളിലും വയലുകളിലും വിതറിയാൽ കൃഷിക്ക് നേട്ടമെന്നാണ് വിശ്വാസം. ചടങ്ങിന് സാക്ഷിയാകാൻ ഒട്ടേറെ ഭക്തരാണ് ഇവിടെ എത്തിയത്.