തൃപ്രയാർ: തൃപ്രയാർ തേവർ ഇന്ന് പുഴകടക്കും. തൃപ്രയാർ മകീര്യം പുറപ്പാടിന്റെ ഭാഗമായി തേവർ പുഴകടന്ന് പ്രജകളെ കാണാൻ അക്കരേക്ക്. ഊരായ്മക്കാരുടെ ഇല്ലങ്ങളിലെ പൂരത്തിനാണു തേവർ എത്തുക. പുഴ കടക്കാനുള്ള പള്ളിയോടം ഇന്നലെ ഭക്തരും ദേവസ്വം ജീവനക്കാരും ചേർന്ന് കനോലി പുഴയിൽ ഇറക്കി. ഇന്നു മുതൽ 3 ദിവസങ്ങളിലായി തേവർ അക്കരെ കടക്കുന്നതും തിരികെ എത്തുന്നതും പള്ളിയോടത്തിലാണ്. നിയമവെടി കഴിഞ്ഞാണ് വൈകിട്ട് തേവർ പള്ളിയോടത്തിൽ പുഴകടക്കുക. മകീര്യം പുറപ്പാടിലെ ആകർഷമായ ചടങ്ങാണിത്. പള്ളിയോടത്തിൽ പിച്ചളയുപയോഗിച്ച് അലങ്കരിച്ചു. അണിയത്ത് ഹനുമാന്റെ പ്രതിമയുണ്ട്. പടിയിൽ ചേങ്ങിലപ്പുറത്താണ് തിടമ്പു വഹിച്ച് കോലം വയ്ക്കുക. അടിയിൽ കുത്തുവിളക്കുണ്ടാകം. തൃക്കോൽ ശാന്തി പള്ളിയോടം തുഴയും. അക്കരെ എത്തുന്ന തേവരെ വരവേറ്റ്, കിഴക്കെ കരയിലെ മണ്ഡപത്തിൽ കോലം എഴുന്നള്ളിച്ചു വയ്ക്കും. ഈ സമയം പറനിറയ്ക്കും. തുടർന്ന് മൂന്ന് ആനകളോടെ പ്രശസ്തമായ കിഴക്കേനടയ്ക്കൽ പൂരം ആരംഭിക്കും.