കൊടുങ്ങല്ലൂർ: ട്രേഡിങ് കമ്പനിയുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് കൊടുങ്ങല്ലൂരിലെ ചാപ്പാറ മണ്ണാറത്താഴം സ്വദേശിയായ ഡോക്‌ടറുടെ 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് മൈലാപ്പൂരിൽ താമസിക്കുന്ന മലയാളി യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന എഫ്എക്സ് യോഗി അഡ്വൈസേഴ്സ് കൺസൾട്ടൻ്റ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടർ മൈലാപ്പൂർ മറീന സ്‌കൂൾ നഗർ വിജയിയെ ആണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ എം. ശശിധരനും സംഘവും അറസ്‌റ്റ് ചെയ്തത്.
68.80 കോടി രൂപ തട്ടിയെടുത്ത കേസിൽ തമിഴ് നാട് ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത വിജയ് ചെന്നൈയിൽ ജയിലിൽ ആയിരുന്നു. എഫ്എക്സ് യോഗി അഡ്വൈസേഴ്സ‌് കൺസൾട്ടന്റ്റ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് വൻ തുക ലാഭം വാഗ്ദാനം ചെയ്തു നിക്ഷേപകരെ സ്വീകരിച്ചിരുന്നു. ഇവരുടെ കമ്പനിക്കു പുറമെ വ്യാജ കമ്പനികളുടെ വെബ്സൈറ്റും ഇവർ നിയന്ത്രിച്ചിരുന്നു. ഇതിലൂടെയാണു ഇടപാടുകാരെ ആകർഷിച്ചത്. ആദ്യ ഘട്ടങ്ങളിൽ ഇടപാടുകാർക്കു കൃത്യമായ ലാഭം നൽകിയിരുന്നു പിന്നീട് കൂടുതൽ തുക നിക്ഷേപിച്ചതോടെ പണം നൽകാതെ മുങ്ങുകയായിരുന്നു.