തൃശൂർ: കോർപറേഷൻ ഭരണം പിടിക്കാൻ കോൺഗ്രസിന്റെ ചരടുവലി നീക്കങ്ങൾക്കിടെ സിപിഎമ്മിനെ കടുത്ത സമ്മർദത്തിലാക്കി സ്വതന്ത്ര അംഗം. ഇടത് സ്വതന്ത്രനായി തൈക്കാട്ടുശേരി ഡിവിഷനിൽനിന്ന് വിജയിച്ച സി.പി. പോളിയാണ് സിപിഎമ്മിനെ കുരുക്കിലാക്കിയ സമ്മർദനീക്കം നടത്തിയത്. ബുധനാഴ്ച തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിനെത്തിയ സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ജില്ല ഓഫിസിൽ നേരിട്ട് കൂടിക്കാഴ്ച നടത്തി മൂന്നു ദിവസത്തിനകം പാർട്ടിയുടെ മറുപടിയുണ്ടായില്ലെങ്കിൽ രാജിവെക്കുമെന്നും കോൺഗ്രസിനൊപ്പം ചേരുമെന്നും അറിയിച്ചു. ഏറെ നാളായുള്ള അതൃപ്തിയാണ് കടുത്ത നിലപാടിലേക്ക് പോളി നീങ്ങാനിടയാക്കിയത്.
ലോക്സഭ തെരഞ്ഞെടുപ്പുകാലം കൂടിയായതിനാൽ പോളിയുടെ അപ്രതീക്ഷിത നീക്കം സിപിഎമ്മിന് തലവേദനയായി. ചില കൗൺസിലർമാർ കോൺഗ്രസിനൊപ്പം വരുമെന്നും ഭരണം യുഡിഎഫ് പിടിക്കുമെന്നും കോൺഗ്രസ് നേതാക്കൾ ഏറെനാളായി പറയുന്നതാണെങ്കിലും കഴിഞ്ഞയാഴ്ച ഈ പ്രഖ്യാപനം ശക്തമാക്കിയിരുന്നു. സി.പി. പോളിയടക്കം രണ്ട് ഇടത് സ്വതന്ത്രരെ ഒപ്പം നിർത്തിയിട്ടും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ, കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച എം.കെ. വർഗീസിനെ മേയറാക്കിയാണ് ഇടതുപക്ഷം കോർപറേഷനിൽ തുടർഭരണം സാധ്യമാക്കിയത്. എൽഡിഎഫിലെ ചില സ്വതന്ത്ര കൗൺസിലർമാർ യുഡിഎഫിൽ ഉടൻ എത്തുമെന്നും സ്വതന്ത്രരായ മൂന്ന് കൗൺസിലർമാരുമായി ചർച്ച നടത്തിയെന്നുമാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. മേയർ പദവി വേണമെന്നതാണ് സി.പി. പോളിയുടെ ആവശ്യം. നിലവിൽ ജില്ല വികസന സമിതിയിൽ കോർപറേഷൻ പ്രതിനിധിയാണ് പോളി. പോളിക്ക് മേയർ പദവി നൽകിയാൽ അവകാശവാദമുന്നയിച്ച് മറ്റു പലരും രംഗത്ത് വരും. മാത്രവുമല്ല, നിലവിലെ മേയറായ എം.കെ. വർഗീസ് മുന്നണി മാറും. ഇതോടെ ഭരണം നഷ്ടമാകാനിടയാകും. ആരും പോകാതെ എങ്ങനെ പ്രശ്നം പരിഹരിക്കാനാവുമെന്ന ആലോചനയിലാണ് സി.പി.എം നേതൃത്വം. എം.വി. ഗോവിന്ദനുമായുള്ള ചർച്ചയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രശ്നം ചർച്ച ചെയ്യാമെന്ന് അറിയിച്ചെങ്കിലും പോളി വഴങ്ങിയിട്ടില്ല.