തൃപ്രയാർ: ശനിയാഴ്ച രാത്രി അത്താഴപ്പൂജയും ശീവേലിയും കഴിഞ്ഞ് തൃപ്രയാർ തേവർ പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന് സ്വർണ്ണക്കോലത്തിൽ പള്ളിയോടത്തിൽ പുഴകടന്നു. കിഴക്കകരയിലെ മണ്ഡപത്തിൽ തേവരെ എഴുന്നള്ളിച്ചു. തിരുവമ്പാടി ചന്ദ്രശേഖരൻ സ്വർണ്ണക്കോലം വഹിച്ചു. സായുധ പോലീസ് തേവർക്ക് ഗാർഡ് ഓഫ് ഓണർ നല്കി.
തുടർന്നു ആറാട്ടു പുഴ പൂരത്തിന് എഴുന്നള്ളിയ തേവർക്ക് ചിറക്കലിൽ ആനയും കോലത്തിലെ മാലയും മാറ്റി ഭരതസ്വാമിയുട മാലയും ചാർത്തി എഴുന്നള്ളിപ്പ് തുടരും. പല്ലിശ്ശേരി സെൻ്റ്റിൽ എത്തിയ ശേഷം 5 ആനകളോടെ പഞ്ചവാദ്യം കഴിഞ്ഞ് 11 ആനകളോടെ പൂരപ്പാടത്തേക്കെത്തും. കൂട്ടി എഴുന്നള്ളിപ്പിനു ശേഷം തേവർ മന്ദാരം കടവിൽ ആറാട്ടും ശാസ്താ ക്ഷേത്രത്തിൽ കൊടിക്കൽ പറയും കഴിഞ്ഞ് ശാസ്താവിനോടൊപ്പം ഏഴു കണ്ടം കടന്ന് ഉപചാരം ചൊല്ലി അടുത്ത വർഷത്തെ പൂരത്തിയ്യതിയും വിളിച്ചു ചൊല്ലിയ ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും. ക്ഷേത്രത്തി ലെത്തുന്ന തേവർക്ക് രാത്രി ഉത്രം വിളക്ക് ആഘോഷം നടത്തുന്നതോടെ പൂരച്ചടങ്ങുകൾക്ക് സമാപനമാകും.