അന്തിക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ മുൻപള്ളി ഖത്തീബിന് ഇരട്ട ജീവപര്യന്തവും 33 വർഷം തടവും. അന്തിക്കാട് ജുമാ മസ്ജിദിലെ മുൻ പുരോഹിതനും ഖത്തീബുമായിരുന്ന കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫിയെ (53) യാണ് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ശിക്ഷിച്ചത്. തടവ് കൂടാതെ പ്രതി 4,50,000 രൂപ പിഴയും അടക്കണം. പിഴയടച്ചില്ലെങ്കിൽ 6 വർഷവും 2 മാസവും അധിക ശിക്ഷ അനുഭവിക്കണം.
പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. തൃശൂർ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജി ജയപ്രഭയാണ് ശിക്ഷ വിധിച്ചത്. അന്തിക്കാട് നൂറുൽ ഹുദാ മദ്രസ്സയിലെ വിദ്യാർത്ഥിയായ പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ 2022 ഇൽ രാത്രി പള്ളിയിലെത്തിയ സമയത്ത് പ്രതി തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അന്തിക്കാട് എസ്ഐ വി.എം. ബെനഡിക്ട് രെജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് സിഐ അനീഷ് കരീമാണ്. കുറ്റകൃത്യത്തിന് ശേഷം പ്രതി മലപ്പുറം, കോഴിക്കോട്, മംഗലാപുരം, അജ്മീർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുമ്പോഴാണ് പോലീസ് പിടികൂടുന്നത്. സബ് ഇൻസ്‌പെക്ടർമാരായ ജയൻ വി.എസ്, മുഹമ്മദ് അഷ്‌റഫ്, എഎസ്ഐ അസീസ്, രാജി ഓ.ജെ, എസ്.സി.പി.ഓ. മാരായ ജീവൻ, സോണി സേവിയർ, സിപിഓ ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പബ്ലിക് പ്രോസിക്യൂട്ടർമാരായ സുനിത, ഋഷികേശ് എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി എഎസ്ഐ വിജയശ്രീയും ഉണ്ടായിരുന്നു.