കാഞ്ഞാണി: ഇൻസ്റാഗ്രാമിലൂടെ പരസ്യം ചെയ്ത് ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് കണ്ടശ്ശാങ്കടവ് സ്വദേശിയായ ഇരുപത്തിയേഴുകാരനിൽ നിന്ന് പണം തട്ടിയെടുത്ത യുവാവിനെ അന്തിക്കാട് പോലീസ് പിടികൂടി. 50,000 രൂപ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് 18,500 തട്ടിയെടുത്ത കേസിൽ വടകര സ്വദേശി വലിയപറമ്പത്ത് വീട്ടിൽ റിംഷാദ് ആണ് അറസ്റ്റിലായത്. കണ്ടശ്ശാങ്കടവ് സ്വദേശിയായ യുവാവ് ഇൻസ്റ്റാഗ്രാമിലാണ് ലോണിനെ കുറിച്ചുള്ള പരസ്യം കാണുന്നത്. തുടർന്ന് 50,000 രൂപ ലോണിനായി അപേക്ഷ കൊടുത്തു. ലോൺ അനുവദിച്ചു. സിബിൽ സ്കോർ കുറവായതിനാൽ ആദ്യം 18,500 രൂപ അടക്കണമെന്നും ലോൺ സംഖ്യ ലഭിക്കുമ്പോൾ ഇതും ചേർത്ത് നൽകുമെന്നും അറിയിപ്പ് വന്നു. പിന്നെ മറ്റൊന്നും നോക്കിയില്ല. പണം നൽകി കാത്തിരുന്നു.
ആഴ്ചകൾ കഴിഞ്ഞിട്ടും ലോൺ സംഖ്യ എത്തിയില്ല. കയ്യിലുള്ള നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പണം വാങ്ങിയ ആളുടെ ഫോൺ സ്വിച്ച് ഓഫാണ്.യുവാവിന് താൻ ചതിക്കപ്പെട്ടന്ന ബോധ്യം വന്നപ്പോളാണ് അന്തിക്കാട് പോലീസിനെ സമീപിക്കുന്നത്. തട്ടിപ്പുകാരുടെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പോലീസ് കോഴിക്കോട് വടകരയിൽ നിന്ന് പ്രതിയെ പിടികൂടി. അന്തിക്കാട് ഇൻസ്‌പെക്ടർ വി.എസ്. വിനീഷ്, എസ്.ഐ. മാരായ കെ.ജെ. പ്രവീൺ, കെ.ഷിജു, പോലീസുകാരായ പ്രഭാത്, കമൽകൃഷ്ണ, ഷിജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി സമാന രീതിയിൽ തട്ടിപ്പ് നടത്തി വന്നിരുന്നതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.