അയ്യന്തോള്‍: മക്കള്‍ നോക്കി നില്‍ക്കെ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തൃശൂര്‍ അവണിശ്ശേരി മാമ്പിള്ളി വീട്ടില്‍ കുട്ടന്‍ മകന്‍ ജിതീഷ്(47 ) നെയാണ് തൃശൂര്‍ ഒന്നാം അഡീ ജില്ലാ ജഡ്ജ് കെ. ഇ. സാലിഹ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
2017 മെയ് മൂന്നിനാണ് കേസിനാസ്പദമായ കൊല നടന്നത്. രാത്രി 11:30 ന് പ്രതിയും കുടുംബവും താമസിച്ചിരുന്ന വീട്ടില്‍ വെച്ച് മദ്യപിച്ചെത്തിയ ജിതീഷ് ഭാര്യയുടെ ചാരിത്രത്തില്‍ സംശയിച്ച് വഴക്കുണ്ടാക്കി. തുടര്‍ന്ന് ഭാര്യ സന്ധ്യയുടെ വായില്‍ മദ്യം ഒഴിച്ച് കൊടുത്ത് മര്‍ദ്ദിക്കുകയും ടോര്‍ച്ച് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. മാര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സന്ധ്യയെ തടഞ്ഞ് വെച്ച് മക്കളുടെ മുന്നില്‍ വെച്ച് നെഞ്ചിലും വയറ്റിലും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സന്ധ്യയുടെയും കുഞ്ഞുങ്ങളുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പിന്നിട് ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്ന പ്രതി ബന്ധുക്കളോടൊപ്പം താമസിച്ചിരുന്ന കുട്ടികളെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് 3 കുട്ടികളെയും സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലാക്കിയിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 15 സക്ഷികളെയും 35 രേഖകളും 5 തൊണ്ടി മുതലും ഹാജരാക്കി. ദ്യക്‌സാക്ഷികളായ കുട്ടികളുടെയും അയല്‍ക്കാരുടെയും സാക്ഷിമൊഴികള്‍ നിര്‍ണ്ണായകമായി. 3 കുഞ്ഞുങ്ങളെ പൂര്‍ണ്ണ അനാഥത്ത്വത്തിലേക്ക് എത്തിച്ച പ്രതിയുടെ അതിക്രൂര പ്രവൃത്തിക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: ലിജി മധു അഡ്വ: കെ.ബി. സുനില്‍കുമാര്‍ എന്നിവര്‍ ഹാജരായി.