അന്തിക്കാട്: പടിയം സംഗീത് ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബിൻ്റെ 48-ാം വാർഷികാഘോഷത്തോടനുബന്ധിച്ച്, പള്ളിയിൽ ശങ്കരനാരായണൻ ഭാര്യ സത്യഭാമ മെമ്മോറിയൽവിന്നേഴ്സ് ട്രോഫിയ്ക്കും, ക്യാഷ് അവർഡിനും, എരണേഴത്ത് വാസുദേവൻ മകൻ ചിത്തരഞ്ജൻ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിയ്ക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള 24-ാമത് സെവൻസ് ഫുട്ബോൾ മത്സരം മാർച്ച് 31 മുതൽ ഏപ്രിൽ 7വരെ കൊച്ചിപ്പാടം ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 7 ന് അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീനാ നന്ദൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗാന രചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്. സുജിത്ത്, വാർഡ് മെമ്പർ സരിത സുരേഷ് എന്നിവർ സംസാരിക്കും. ആദ്യ ദിവസം ക്രൗൺ എഫ് സി മുപ്പത്തടം ആലുവയും, ഓർബിറ്റ് അബുദാബി എടപ്പാളും തമ്മിലും, ഏപ്രിൽ 1ന് ഗ്രിഫിൻസ് എഫ്സി തൃശൂരും, അൽ ഷാബ് ഇന്ത്യൻ സ്- പ്ലേ ബോയ്സ് കോഴിക്കോടും, ഏപ്രിൽ 2 ന് കാളിദാസ തൃശൂരും – അൽസാൽ എഫ് സി ചാലക്കുടിയും, ഏപ്രിൽ 3 ന് ലബാംബ മാളയും – പെരിയാർ റൈസ് കാലടിയും തമ്മിൽ ഏറ്റുമുട്ടും. ഏപ്രിൽ 4 ന് ഒന്നാം സെമിയും 5 ന് രണ്ടാം സെമിയും നടക്കും. ഏപ്രിൽ 6 ന് വനിതാ മത്സരത്തിൽ എൻഫീൽഡ് എഫ് സി അയ്യന്തോളും – എഫ് സി കാലിക്കട്ടും മാറ്റുരയ്ക്കും. ഏപ്രിൽ 7ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയികൾക്ക് അഡ്വ.എ.യു. രഘുരാമൻ പണിക്കർ സമ്മാനദാനം നിർവ്വഹിക്കും. ക്ലബ്ബ് പ്രസിഡൻ്റ് ശ്രീരാഗ് എരണേഴത്ത്, ട്രഷറർ റിനീഷ് ചന്ദ്രൻ, പി.ജെ. റിജിൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.