വാടാനപ്പള്ളി: ദേശീയ പാത വികസന പ്രവര്ത്തനങ്ങളുടെ ഭാഗമായി മാസങ്ങളായി കുടിവെള്ളം കിട്ടാതെ ദുരിതത്തിലായി ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് തീരദേശവാസികൾ. ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിലെ ഏത്തായി പടിഞ്ഞാറ് സരസ്വതി വിദ്യാനികേതൻ പരിസരം, ചേറ്റുവ പടന്ന തീരദേശ മേഖല ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ കുടിവെള്ളം തടസപ്പെട്ടിട്ട് മാസങ്ങൾ പിന്നിട്ടു. ദേശീയ പാത നിർമാണം നടക്കുന്ന ഏങ്ങണ്ടിയൂർ പഞ്ചായത്ത് പരിധിയിൽ പലസ്ഥലങ്ങളിലും ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ തകർന്ന നിലയിലാണ്. ഇത് മൂലം ഏങ്ങണ്ടിയൂരിലെ പലപ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. ദേശീയ പാത കരാർ കമ്പനിയുടെ അനാസ്ഥയാണ് ഏങ്ങണ്ടിയൂരിലെ കുടിവെള്ളം തടസപ്പെടുത്തുന്നതെന്ന് സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ കുറ്റപ്പെടുത്തി.
യാതൊരു ദാക്ഷണ്യവും മനസാക്ഷിയുമില്ലാതെയാണ് ആയിരക്കണക്കിന് കുടുബങ്ങൾക്ക് കുടിക്കാനുള്ള ശുദ്ധജലം സപ്ലേ ചെയ്യുന്ന ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ മാന്തി പുറത്തിടുന്നത്. നിരന്തരം ദേശീയ പാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഏങ്ങണ്ടിയൂരിലെ കുടിവെള്ളം തടസപ്പെടുന്നത് ചൂണ്ടിക്കാണിച്ച് ലത്തീഫ് കെട്ടുമ്മൽ ജില്ലാ കലക്ടർക്കും ദേശീയ പാത കരാർകമ്പനിക്കും പരാതികൊടുത്തിരുന്നു. പലതവണ പരാതി കൊടുത്തിട്ടും ഇതുവരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ജല അതോറിറ്റിയുടെ ഭാഗത്ത് നിന്ന് കുടിവെള്ളം എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടങ്കിലും ഇതുവരെ ഫലമുണ്ടായില്ല.ദേശീയ പാത കരാർ കമ്പനി പ്രവൃത്തികളുടെ ഭാഗമായി കേടുപാടുകൾ വരുത്തിയ കുടിവെള്ളപൈപ്പുകൾ ജല അതോറിറ്റി റിപ്പയർ ചെയ്ത് പൂർവ സ്ഥിതിയിലാക്കി പമ്പിങ് തുടങ്ങും മുമ്പ് അന്ന് രാത്രി മറ്റൊരു ഭാഗത്ത് വീണ്ടും ദേശീയ പാത പ്രവർത്തി നടക്കുമ്പോൾ അശ്രദ്ധമൂലം കുടിവെള്ളപൈപ്പുകൾ തകരും. ഇങ്ങിനെയാണ് ഈ പരിസരങ്ങളിൽ ദീർഘനാൾ കുടിവെള്ളം തടസപ്പെടുന്നത്, ഏങ്ങണ്ടിയൂരി ലേക്കുള്ള ശുദ്ധജല വിതരണ പൈപ്പുകൾ ഭൂരിഭാഗവും കടന്നു പോകുന്നത് ദേശീയ പാതയോരത്ത് കൂടെയായതിനാൽ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളം തടസപ്പെടും. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പലവിധ ബുദ്ധിമുട്ടും പൊതുജനത്തിന് ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. എന്നാൽ മാസങ്ങളായി പല മേഖലകളിലും പൊതുജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചിട്ട് കുടിവെള്ളവുമായി ബന്ധപ്പെട്ട് നിരന്തരം ലഭിക്കുന്ന പരാതി, വേണ്ട നടപടികൾ സ്വീകരിക്കാനോ അന്വേഷിക്കാനോ ജില്ലാഭരണകൂടം തയാറാകത്തിൽ ഏറെ പ്രതിഷേധമുണ്ടെന്ന് ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു. താൽക്കാലികമായി ഏങ്ങണ്ടിയൂർ പഞ്ചായത്ത് പരിധിയിൽ അടിയന്തരമായി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുഴിഎടുക്കുന്ന പ്രവർത്തികൾ നിർത്തി വച്ച് പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വകുപ്പുതല ഉദ്യോഗസ്ഥർ നേരിട്ട് എത്തിപരിശോധിച്ച് വേണ്ടനടപടി സ്വീകരിക്കണമെന്നും ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് വാഹനത്തിൽ വലിയ ടാങ്ക് കയറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ലഭ്യമാക്കണമെന്നും പൊതു പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.