പാവറട്ടി: വെങ്കിടങ്ങിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് എയർഗൺ കൊണ്ടുള്ള വെടിയേറ്റു. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. വെടിയേറ്റ അസം സ്വദേശി അമീനുൽ ഇസ്‌ലാം ചാവക്കാട് ആശുപത്രിയിൽ ചികിത്സയിലാണ്. വെടിവച്ച തൊയക്കാവ് സ്വദേശി രാജേഷ് ഒളിവിലാണ്. രാജേഷിന്റെ വീടിനു സമീപം ജോലിക്കെത്തിയതായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ. അമീനും കൂടെയുണ്ടായിരുന്ന ഒരു തൊഴിലാളിയും തമ്മിൽ ഇതിനിടെ വഴക്കുണ്ടായി.
ഇതിനിടയിലാണ് രാജേഷ് വരുന്നത്. പ്രശ്നത്തിൽ രാജേഷ് ഇടപെട്ടു. തർക്കം രൂക്ഷമായതോടെ രാജേഷ് വീട്ടിനുള്ളിൽ നിന്ന് പക്ഷികളെ അടക്കം വെടിവെക്കാൻ ഉപയോഗിക്കുന്ന എയർഗൺ കൊണ്ടുവന്ന് വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റ അമീനുൽ ഇസ്‌ലാമിനെ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. പ്രതി രാജേഷ് ഒളിവിലാണ്.