അന്തിക്കാട്: കൈവെള്ളയിൽ കിടത്തി രണ്ടരവയസുകാരനെ കുളിപ്പിക്കുന്നതിനിടയിൽ കുളത്തിൽ നഷ്ടപ്പെട്ട മൂന്നര ഗ്രാം സ്വർണ വള ഉടമയ്ക്ക് കൈമാറി വിദ്യാർഥി മാതൃകയായി. മണലൂർ സെൻ്റ് തെരേസാസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയും അന്തിക്കാട് കൊല്ലംകുളങ്ങര സൽജിൻ്റെ മകനുമായ ആദിത്താണ് നാടിന് അഭിമാനമായി മാറിയത്. അന്തിക്കാട് സ്വദേശി തിയ്യകാട്ടിൽ ജിജീഷിൻ്റെ മകൻ രണ്ടര വയസുകാരനായ അദിനവിൻ്റെ കൈയിലണിഞ്ഞിരുന്ന വളയാണ് അന്തിക്കാട്ട് കുളത്തിൽ നഷ്ടപെട്ടത്. തിങ്കളാഴ്ച്ച വൈകീട്ട് ജിജീഷ് മകൻ്റെ മുടി വെട്ടിച്ച് വരുന്നതിനിടയിൽ അന്തിക്കാട് കുളത്തിലിറങ്ങി മകനെ കുളിപ്പിച്ചു.
കൈവെള്ളയിൽ വച്ച് മകനെ കുളിപ്പിക്കുന്നതിനിടയിൽ വളയൂരി പോയത് ജിജീഷ് അറിഞ്ഞില്ല. ചൊവ്വാഴ്ച്ച രാവിലെ അന്തിക്കാട്ട് കുളത്തിൽ നിന്തുന്നതിനിടയിലാണ് ആദിത്തിന് വള ലഭിച്ചത്. നീന്തി കുളിക്കുന്നതിനിടയിൽ കാലിൽ വള തടയുകയായിരുന്നു. റിട്ട.ഹെൽത്ത് ഇൻസ്പക്ടർ വി.ബി. കൈലാസൻ്റെ പേര കുട്ടിയാണ് ആദിത്ത്. ഇവർ ഉടൻ തന്നെ വള അന്തിക്കാട് പൊലിസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ചൊവ്വാഴ്ച്ച രാവിലെ കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് വള നഷ്ടപെട്ട വിവരം വീട്ടുകാർ ശ്രദ്ധിച്ചത്.പിന്നീട് നടത്തിയ അന്വേഷണത്തിൽ വള സ്റ്റേഷനിൽ ലഭിച്ചതായി വിവരം കിട്ടിയതിനെ തുടർന്ന് അന്തിക്കാട് എസ്.ഐ കെ.ഷിജുവിൻ്റെ സാന്നിധ്യത്തിൽ ജിജീഷ് വള ഏറ്റുവാങ്ങി. നീന്തുന്നതിനിടയിൽ തൻ്റെ കാലിൽ തടഞ്ഞവള കണ്ടെടുത്ത് ഉടമയെ ഏൽപ്പിച്ച ആദിത്തിനെ പൊലിസുകാരും നാട്ടുകാരും അഭിനന്ദിച്ചു.