തൃശൂർ: സിപിഎമ്മിന്‍റെ തൃശൂർ എംജി റോഡിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് മരവിപ്പിച്ചു. ആദായ നികുതി വകുപ്പിൻ്റേതാണ് നടപടി. കഴിഞ്ഞ ദിവസം ഈ ശാഖയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി സിപിഎം തൃശൂർ ജില്ല കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. അക്കൗണ്ടിലെ പണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു. ആദായ നികുതി വകുപ്പിന് സമർപിച്ച ആദായ നികുതി റിട്ടേണുകളിൽ ഈ അക്കൗണ്ടിന്‍റെ വിവരങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നും തുടർന്നാണ് ഇപ്പോൾ അക്കൗണ്ട് മരവിപ്പിച്ചതെന്നുമാണ് ആദായനികുതി വകുപ്പ് നൽകുന്ന വിവരം. 1998ൽ ആരംഭിച്ചതാണ് അക്കൗണ്ട്.
അഞ്ചു കോടി പത്തുലക്ഷം രൂപ ഇപ്പോൾ ഈ അക്കൗണ്ടിലുണ്ട് എപ്രിൽ രണ്ടിന് ഈ അക്കൗണ്ടിൽ നിന്നും പിൻവലിച്ച ഒരു കോടി രൂപ ചിലവഴിക്കരുതെന്നും സിപിഎം ജില്ല സെക്രട്ടറി എം.എം. വർഗീസിന് ആദായനികുതി വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേ സമയം തങ്ങൾക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി എം.എം.വർഗീസ് മാധ്യമങ്ങളോടു പറഞ്ഞു. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകൾ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സ്രോതസ് വ്യക്തമാക്കാനും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.