വാടാനപ്പള്ളി: ദേശവിളക്ക് മഹോത്സവത്തിനിടയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്നു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ. വാടാനപ്പള്ളി ബീച്ച് വ്യാസ നഗറിൽ കാട്ടിൽ ഇണ്ണാറൻ കെ.എസ്.സുബിനെ ( കൂടുത സുബി ) ആണ് എസ്.ഐ. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഈ വർഷം ജനുവരി ആദ്യവാരം വ്യാസനഗറിലെ ദേശവിളക്കിനിടയിൽ 18 വയസുള്ള പെൺകുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനം ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ ജനുവരി 10 നാണ് സുബിനെതിരെ വാടാനപ്പള്ളി പൊലീസ് കേസെടുത്തത്. ഇതോടെ സുബിൻ ഒളിവിൽ പോകുകയായിരുന്നു. സംസ്ഥാനത്തിനകത്തും അന്യ സംസ്ഥാനത്തുമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു.
ബാംഗ്ലൂരിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസൃ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം അവിടേക്ക് തിരിക്കുകയായിന്നു. അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് വാടാനപ്പള്ളി സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസിലെ പ്രതിയും ബിജെപിയുടെ സജീവ പ്രവർത്തകനുമായ സുബിൻ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എസ്.ഐക്ക് പുറമെ സിപിഒമാരായ അലി, അരുൺ, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.