അരിമ്പൂർ: അരിമ്പൂർ ഹൈസ്കൂൾ 1973 – 74 വർഷത്തിലെ എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ ഗോൾഡൻ ജൂബിലി സംഗമം വേറിട്ടതായി. വാർദ്ധക്യ കാലത്തും 50 വർഷങ്ങൾക്കിപ്പുറം വിദ്യാർത്ഥികൾ ഒത്തു ചേർന്നപ്പോൾ അധ്യാപകർക്ക് തങ്ങൾ പഠിപ്പിച്ച മിക്കവരെയും ഓർത്തെടുക്കാനായില്ല. പേരുകൾ കേട്ട് കുറച്ചു പേരെ മനസിലാക്കി. ആടിയും പാടിയും ഗുരു-ശിഷ്യ ബന്ധത്തിൻ്റെ ഓർമ്മ പുതുക്കി ഒരു ദിവസം ആഘോഷമാക്കിയാണ് എല്ലാവരും പിരിഞ്ഞത്. “അക്ഷരത്തണലിൽ ഇത്തിരി നേരം” എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
3 മാസത്തെ പ്രയത്‌നം കൊണ്ട് നാല് ഡിവഷനുകളിലായി കൂടെ പഠിച്ച 156 വിദ്യാർത്ഥികളെ കണ്ടെത്തേണ്ടതായി വന്നു. പല വഴിക്കും അന്വേഷിച്ചു. 104 പേരെ കണ്ടെത്തി. 17 പേർ മരിച്ചു പോയിരുന്നു. കിടപ്പു രോഗികളും, വിദേശത്തുള്ളവരും ഒഴികെ 75 വിദ്യാർത്ഥികളും ബന്ധുക്കളുമാണ് സംഗമത്തിൽ പങ്കെടുത്തത്. പഠിപ്പിച്ച അധ്യാപകരിൽ 13 പേർ ജീവനോടെയില്ല. 9 അധ്യാപകർക്ക് ശാരീരിക അവശതകൾ മൂലം വീടുവിട്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. ഓർമ്മശക്തി നഷ്ടപ്പെട്ടവരും കൂട്ടത്തിലുണ്ട്. എങ്കിലും ഇവരെ ഒത്തു ചേരലിൽ നിന്ന് മാറ്റി നിർത്താൻ ആ പഴയ വിദ്യാർത്ഥികൾക്ക് മനസു വന്നില്ല. ഇവരുടെ വീടുകളിൽ ചെന്ന് ഉപഹാരം നൽകി ആദരിച്ച് അനുഗ്രഹം വാങ്ങിയാണ് വിദ്യാർത്ഥികൾ സംഗമ വേദിയിൽ എത്തിയത്. ബാക്കി 3 അധ്യാപികമാർക്ക് മാത്രമാണ് വിദ്യാർത്ഥി സംഗമത്തിൽ നേരിട്ട് പങ്കെടുക്കാനായത്. ഇവർ തന്നെ ഭദ്രദീപം തെളിയിച്ചതോടെ 50 വർഷങ്ങളുടെ ഓർമ്മചിത്രങ്ങൾക്ക് മിഴിതുറന്നു. മൺമറഞ്ഞ സഹപാഠികളെയും അധ്യാപകരെയും അനുസ്മരിച്ചു. വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗം പ്രശസ്ത വാദ്യ കലാകാരൻ പരയ്ക്കാട് തങ്കപ്പൻ മാരാരുടെ മകൻ മഹേശ്വരൻ, പേരക്കുട്ടികളായ മോഹിത്, മഹാദേവൻ എന്നിവർ ചേർന്ന് സോപാന സംഗീതം പകർന്നു. അധ്യാപകരായ നാരായണിക്കുട്ടി, വിനോദിനി, ചെമ്പകം എന്നിവരെ ചടങ്ങിൽ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ സാരഥികളായ ഡോ. ഉണ്ണികൃഷ്ണൻ, വി.ആർ. പത്മനാദൻ, വി. വിജയലക്ഷ്മി, പി. സദാശിവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.