കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച യുവതി തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറ് ഭാഗം കുട്ടോടത്ത് പാടം വീട്ടിൽ അഷിമോൻ്റെ ഭാര്യ കാർത്തിക (28) ആണ് മരിച്ചത്. മാർച്ച് 25ന് ആണ് കാർത്തിക കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. നാല് ദിവത്തിന് ശേഷം അസ്വസ്ഥത തോന്നിയ ഇവരെ 9 ദിവസത്തിന് ശേഷമാണ് സ്കാനിംഗിന് വിധേയയാക്കിയത്.
ഗുരുതര പഴുപ്പ് കണ്ടതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇവിടെ നടത്തിയ സ്കാനിങ്ങിൽ അവസ്ഥ അതീവ ഗുരുതരമാണെന്ന് കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളജിൽ ശാസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. ശ്വാസകോശം ഉൾപ്പെടെ ആന്തരിക അവയവങ്ങൾക്ക് പഴുപ്പ് ബാധിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. കൊടുങ്ങല്ലൂർ ആശുപത്രിയിൽ നിന്നും ഉണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. കുഞ്ഞ് സുരക്ഷിതയാണ്. കാർത്തികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ടോടെ വീട്ടിൽ കൊണ്ടുവന്നു സംസ്കരിക്കും.