അരിമ്പൂർ: ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിഷുക്കൈനീട്ടവും വിഷു സദ്യയും ഒരുക്കി. അന്തിക്കാട് ബ്ലോക്ക് സി.ഡി.പി.ഒ. എൽ.രഞ്ജിനി ഉദ്ഘാടനം ചെയ്തു. കെ.ആർ. സുകുമാരൻ അധ്യക്ഷനായി. ഉരുളിയിൽ കണിവെള്ളരി ഒരുക്കിവെച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിഷുക്കൈനീട്ടം നൽകി. കുട്ടികൾ ഓരോരുത്തരായിവിഷുക്കൈനീട്ടം ഏറ്റുവാങ്ങി. വിഷുക്കട്ടയും വന്നവർക്കെല്ലാം നൽകി. തുടർന്ന് വിഷു ആഘോഷങ്ങളുടെ ഭാഗമായുള്ള വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
അംഗണവാടിക്ക് സംഭാവനയായി ലഭിച്ച പെഡസ്ട്രിയൽ ഫാനും സൗണ്ട് സിസ്റ്റവും ചടങ്ങിൽ കൈമാറി. അങ്കണവാടിയിലെ പച്ചക്കറി വിളവെടുപ്പും നടന്നു. തക്കാളി, വെള്ളരി തുടങ്ങിയവ സമൃദ്ധമായി വിളഞ്ഞത്. പ്രോഗ്രാം ഓഫീസർ പി. സുബൈദ, വാർഡംഗവും അങ്കണവാടി വർക്കറുമായ സലിജ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. അങ്കണവാടിയിലെ എ.എല്‍.എം.സി. അംഗങ്ങളും വയോജന ക്ലബ്ബുമാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് സുകുമാരൻ കടുവാതുക്കൽ, സെക്രട്ടറി ലില്ലി റാഫേൽ തുടങ്ങിയവർ നേതൃത്വം നൽകി.