News One Thrissur
Thrissur

പരാതികൾ ഉയരുന്നു: കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പ്രതിക്കൂട്ടിൽ.

കൊടുങ്ങല്ലൂർ: ഒന്നിന് പിറകെ ഒന്നായി പരാതികൾ ഉയരുന്നത് കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്നു. അണുബാധയെ തുടർന്ന് യുവതി മരണമടയുകയും രണ്ട് യുവതികൾ ഗുരുതരാവസ്ഥ യിലാകുകയും ചെയ്ത സാഹചര്യത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ പ്രസവ വിഭാഗത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. പ്രസവത്തിന് ശേഷമുണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ചെന്ത്രാപ്പിന്നി അലുവത്തെരുവ് കുട്ടോടത്ത് പാടം വീട്ടിൽ അഷിമോൻ്റെ ഭാര്യ കാർത്തിക ബുധനാഴ്ച മരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ സിസേറിയന് വിധേയയായ യുവതി നാല് ദിവസത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ സ്കാനിംഗിൽ ശരീരത്തിനകത്ത് ഗുരുതരമായ നിലയിൽ പഴുപ്പ്  കണ്ടെത്തുക യായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ ശാസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ശ്വാസകോശം ഉൾപ്പെടെ ആന്തരിക അവയവങ്ങൾക്ക് പഴുപ്പ് ബാധിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.കൊടുങ്ങല്ലൂർ ആശുപത്രിയിൽ ഉണ്ടായ പിഴവാണ് കാർത്തികയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. രണ്ട് മാസം മുൻപ് താലൂക്ക് ഗവ.ആശുപത്രിയിൽ സമാനമായ അവസ്ഥ ഉണ്ടായി.

സിസേറിയന് വിധേയയായ ചെന്ത്രാപ്പിന്നി കൂട്ടാലപറമ്പ് ചാരിച്ചെട്ടി വീട്ടിൽ പ്രേംകുമാറിൻ്റെ മകളും ചേർത്തല പള്ളിപ്പുറം ആദർശ് നിവാസിൽ ആദർശ് ദാസിൻ്റെ ഭാര്യയുമായ മോനിഷക്ക് സിസേറിയനെ തുടർന്ന് കഠിനമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. വേണ്ടത്ര ചികിത്സ നൽകാതെ തന്നെ ഇരുപത്തഞ്ചാം തിയ്യതി ഡിസ്ചാർജ് ചെയ്തതായി മോനിഷ പറയുന്നു. വേദന അസഹനീയമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കു വിധേയമാക്കി. താലൂക്ക് ആശുപത്രിയിൽ തന്നെ ചികിത്സിച്ച ഡോക്ട‌റുടെ പിഴവും ഗുരുതരമായ വീഴ്‌ചയുമാണ് തൻ്റെ അവസ്ഥക്ക് കാരണമെന്നും, സിസേറിയനിടയിൽ പഞ്ഞി, സ്റ്റിച്ചിടുന്നതിന് ഉപയോഗിച്ച ത്രഡ് എന്നിവ ഗർഭാശയത്തിൽ ഉണ്ടാ യിരുന്നിരിക്കാം എന്ന് സംശയിക്കുന്നതായും മോനിഷ തൻ്റെ പരാതിയിൽ ആരോപിക്കുന്നു. മറ്റൊരു സംഭവത്തിൽ സിസേറിയന് വിധേയയായ യുവതി അണുബാധയെ തുടർന്ന് ത്യശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് നടത്തി വരികയാണ്. എറിയാട് കുഞ്ഞുമാക്കാച്ചാലിൽ ഹാരിസിൻ്റെ ഭാര്യ സിൽനയാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. മാർച്ച് 15ന് കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ സിസേറിയന് വിധേയയായ യുവതി അണുബാധയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. സമാനമായ രീതിയിൽ തുടർച്ചയായി പരാതികൾ ഉയർന്നിട്ടും ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന പരാതി ശക്തമാണ്. ജനപ്രതിനിധികളും പൊതു പ്രവർത്തകരും ഉൾപ്പെട്ട ആശുപത്രി വികസന സമിതി നോക്കുകുത്തിയായി മാറുമ്പോൾ താലൂക്ക് ഗവ.ആശുപത്രിക്ക് നാണക്കേട് അലങ്കാരമാകുകയാണ്.

Related posts

ജീവനക്കാരില്ല: മണലൂർ വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണയും നടത്തി.

Sudheer K

തൃശൂർ പൂരം: കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് തുടങ്ങി. 

Sudheer K

സെലീന അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!