ആലപ്പാട്: ഇരട്ടപ്പാലം കനാൽ റോഡ് പരിസരത്ത് കുടിവെള്ളക്ഷാമം രൂക്ഷം; ഇവിടേയ്ക്ക് ചാഴൂർ പഞ്ചായത്തിൻ്റെ കുടിവെള്ളമെത്തുന്നത് ആഴ്ചയിലൊരിക്കൽ മാത്രം. സാഫല്യം റോഡ് പരിസരവാസികളായ പന്ത്രണ്ട് കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമത്താൽ ദുരിതത്തിലായത്. പാടത്തിനോട് ചേർന്ന പ്രദേശമായിട്ടു കൂടി സ്ഥലത്തെ കിണറുകളെല്ലാം വറ്റിവരണ്ടു. കനാൽ റോഡിലൂടെയുള്ള വാട്ടർ അതോറിറ്റിയുടെ പഴയ പൈപ്പ്ലൈനും ജൽ ജീവൻ മിഷൻ്റെ പുതിയ പൈപ്പ് ലൈനും വെള്ളമില്ലാ പൈപ്പുകളായി തുടരുകയാണ്. ഈ പ്രദേശത്തേക്ക് ആഴ്ചയിലൊരി ക്കലാണ് ചാഴൂർ പഞ്ചായത്ത് ടാങ്കർ ലോറിയിൽ കുടിവെള്ള വിതരണം നടത്തുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ വീട്ടമ്മമാർ അര കിലോമീറ്ററോളം അകലെയുള്ള വീടുകളിൽ നിന്നാണ് വീട്ടാവശ്യത്തിന് കുടിവെള്ളം കൊണ്ടുവരുന്നത്. കനാൽ റോഡിലൂടെയുള്ള പൈപ്പ് ലൈനിലെ തടസ്സം മാറ്റി കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
previous post