News One Thrissur
Thrissur

കുടമാറ്റത്തിന് ‘അരിമ്പൂർ’ കുടകളും : സ്‌പെഷൽ കുടകളുമായി സോഹൻ 

അരിമ്പൂർ: ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ കുടമാറ്റത്തിന് ശോഭ കൂട്ടാൻ ഇത്തവണയും അരിമ്പൂരിൽ നിന്നുള്ള സ്പെഷൽ കുടകൾ ഉണ്ടാകും. ആറു വർഷമായി പാറമേക്കാവ് വിഭാഗത്തിന് സ്‌പെഷൽ കുടകൾ ഒരുക്കുന്ന സോഹന്റെ വീട്ടിൽ കുടകളുടെ നിർമ്മാണം പൂർത്തിയായി. . സ്വർണ്ണനിറത്തിലുള്ള ആയിരക്കണക്കിന് ചെറുകുമിളകൾ പതിപ്പിച്ച ഈ സ്‌പെഷൽ കുടകളും പൂരാവേശം നിറയുമ്പോൾ കുടമാറ്റത്തിൽ മിന്നിമറയും. അരിമ്പൂർ ഉദയനഗർ സ്വദേശി ചേന്നാട്ട് സോഹൻ (48) നെറ്റിപ്പട്ടം നിർമാണം ആരംഭിക്കുന്നത് ഇരുപത് വർഷങ്ങൾക്ക് മുൻപാണ്.

ഫാൻസി നെറ്റിപ്പട്ടങ്ങൾ, കോലം, തിടമ്പ് എന്നിവയായിരുന്നു പ്രധാനമായും നിർമിച്ചിരുന്നത്. പാറമേക്കാവ് വിഭാഗത്തിന് സ്‌പെഷൽ കുടകൾ നിർമിക്കാൻ സോഹന് നിയോഗം ലഭിക്കുന്നത് ആറ് വർഷം മുൻപ് മുതലാണ്. അന്ന് മുതൽ ഈ വർഷം വരെ പതിവ് മുടങ്ങിയില്ല. സാധാരണ കുടകളിൽ നിന്ന് വ്യത്യസ്തമാണ് സ്‌പെഷൽ കുടകൾ. ഇവയ്ക്ക് യഥാർത്ഥ കുടയുടെ ആകൃതിയുണ്ടാകില്ല. വാൽക്കണ്ണാടി, നെറ്റിപ്പട്ടം, കോലം, ആലവട്ടം തുടങ്ങിയ രൂപത്തിലുള്ള സ്‌പെഷൽ കുടകളാണ് സോഹൻ ഇതുവരെ നിർമ്മിച്ച് നൽകിയത്. നാല് പേർ ചേർന്ന് ഒരു മാസത്തെ അധ്വാനമുണ്ട് കുട നിർമ്മാണത്തിന്. പതിന്നാല് കുടകളാണ് സോഹൻ തയ്യാറാക്കുന്നത്. വെൽവെറ്റ്, ഫൈബറിൽ ഗോൾഡ് പ്ലെയ്റ്റ് ചെയ്ത കുമിളകൾ എന്നിവയാണ് പ്രധാന നിർമ്മാണ വസ്തുക്കൾ. ഗോളക, നാഗപടം, കുമിളകൾ, ചൂരൽപ്പൊളി, ശൂലം, ചന്ദ്രക്കല എന്നിവ കൃത്യമായി കലാപരമായി ഓരോ കുടകളിലും ചേർക്കും. രണ്ടായിരത്തോളം ചെറു കുമിളകൾ ഓരോ കുടയിലും വച്ച് പിടിപ്പിക്കും. കുട നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ എല്ലാം തന്നെ സോഹൻ സ്വന്തമായി നിർമ്മിക്കുന്നവയാണ്. പാലക്കാടുള്ള സ്വന്തം നിർമ്മാണ ശാലയിൽ നിന്നാണിവ എത്തിക്കുന്നത്. സോഹന്റെ മനസ്സിൽ തെളിയുന്ന രൂപങ്ങളാണ് കുടകൾക്ക് നൽകുന്നത്. പൂരക്കമ്മറ്റിയുടെ അനുമതി വാങ്ങിയ ശേഷമാണ് ഈ ഡിസൈനുകൾ കുടകളിലേക്ക് ഉപയോഗിക്കുന്നത്. സോഹന്റെ മക്കളും കുട നിർമ്മാണത്തിന് സഹായിക്കാൻ കൂടെയുണ്ടാകും.

Related posts

അഴീക്കോട് മണൽക്കടത്ത് പിടികൂടി.

Sudheer K

സരോജിനി അന്തരിച്ചു.

Sudheer K

രാധ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!