വട്ടേക്കാട്: കടപ്പുറം വട്ടേക്കാട് മത്സ്യബന്ധന വലകളും അനുബന്ധ ഉപകരണങ്ങളും ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു. മത്സ്യബന്ധന തൊഴിലാളിയായ ചാലിൽ വീട്ടിൽ റസാക്കിന്റെ മൂന്നുകെട്ട് വലകളും അനുബന്ധ ഉപകരണങ്ങളും ആണ് കത്തി നശിച്ചത്. മത്സ്യബന്ധനത്തിന് ശേഷം വട്ടേക്കാട് മാലിക് ദിനാർ റോഡിനു തെക്ക് ഭാഗത്ത് പുഴയോട് ചേർന്ന് ആണ് ഇവ സൂക്ഷിച്ചിരുന്നത്. സമീപവാസികൾ ആയ സ്ത്രീകൾ ആണ് ഇവ കത്തുന്നത് കണ്ടത്. തുടർന്ന് ഇവർ തന്നെ വെള്ളം ഒഴിച്ച് തീ അണച്ചത്. ഇന്നലെ വൈകീട്ട് ആണ് സംഭവം. വല കൂടാതെ പങ്കായം, കഴുക്കോൽ എന്നിവ കത്തി നശിച്ചു. ഏകദേശം പന്ത്രണ്ടായിരം രൂപയുടെ നഷ്ടം സംഭവിച്ചെന്ന് റസാക്ക് പറഞ്ഞു.