കാഞ്ഞാണി: ലോകസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി വിചാർ വിഭാഗ് തൃശൂർ ജില്ല കമ്മറ്റി ഈ മാസം 21 മുതൽ 24 വരെ ഭരണഘടന സംരക്ഷണ ജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൃശൂർ, ആലത്തൂർ, ചാലക്കുടി ലോകസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ജില്ലയിലെ 13 നിയോജക മണ്ഡലത്തിലൂടെ ജാഥ സഞ്ചരിക്കും. മൂന്ന് ജാഥകളാണ് പര്യടനം നടത്തുക. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയും ഇന്ത്യ മുന്നണി വരേണ്ട ആവശ്യവും ഉയർത്തിയാണ് ജാഥ പര്യടനം നടത്തുക. യുവ ന്യായ് – കോൺഗ്രസിന്റെ അഞ്ച് പദ്ധതികൾ ജാഥയിലൂടെ വിശദീകരിക്കും. 21 ന് രാവിലെ 9 ന് തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ജാഥ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെപിസിസി വിചാർ വിഭാഗ് ജില്ല ചെയർമാൻ ഡോ: ജെയിംസ് ചിറ്റിലപ്പിള്ളി, സംസ്ഥാന കമ്മറ്റിയംഗം രാമചന്ദ്രൻ പള്ളിയിൽ , ജാഥ ജനറൽ കൺവീനർ ആന്റോ തൊറയൻ, ജാഥ അംഗങ്ങളായ റാനിഷ് കെ.രാമൻ, കിരൺ തോമസ് എന്നിവർ പങ്കെടുത്തു.