പെരുമ്പടപ്പ്: വന്നേരി കാട്ടുമാടം മനയിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫ് (42) നെയാണ് കൊടുങ്ങല്ലൂരിൽ നിന്നും പെരുമ്പടപ്പ് പോലീസ് സിഐ ടി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 500 വർഷത്തോളം പഴക്കമുള്ള കാട്ടുമാടം മനയിലെ വിഗ്രഹവും വിഗ്രഹത്തിൽ ചാർത്തിയ 10 പവൻ സ്വർണമാലയും ഭണ്ഡാരവുമാണ് കവർന്നത്. സമീപത്തെ വീട്ടിൽ നിന്ന് സ്കൂട്ടറും മോഷണം പോയിരുന്നു. 10 ദിവസം മുൻപാണ് സംഭവം നടന്നത്. പരേതനായ താന്ത്രികൻ കാട്ടുമാടം അനിൽ നമ്പൂതിരിയുടെ കുടുംബമാണ് മനയിൽ താമസിക്കുന്നത്.
കവർച്ച നടക്കുമ്പോൾ അനിൽ നമ്പൂതിരിയുടെ ഭാര്യ സോയയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പൂമുഖത്തെ ഭഗവതിയുടെ നടയിലെ സ്റ്റീൽ ഭണ്ഡാരത്തിന്റെ പൂട്ടുപൊളിച്ച് പണം എടുത്തശേഷം ഭണ്ഡാരം മനയുടെ വളപ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മനക്ക് അകത്ത് സൂക്ഷിച്ചിരുന്ന 300 വർഷത്തിലധികം പഴക്കമുള്ള വിഗ്രഹവും വിഗ്രഹത്തിൽ ചാർത്തിയ ആഭരണങ്ങളുമാണ് കവർന്നത്. ഇയാൾ മോഷ്ടിച്ചെടുത്ത സ്വർണം വിറ്റതായി പൊലീസ്കണ്ടെത്തിയിട്ടുണ്ട്. മനയിൽ നിന്ന് കവർന്ന വിഗ്രഹങ്ങൾ ഇയാളുടെ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽനിന്ന് പൊലീസ്കണ്ടെത്തിയിട്ടുണ്ട്. നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ച ആളാണ് മനാഫ് എന്നും പൊലീസ്പറഞ്ഞു.