പാവറട്ടി: പാവറട്ടി സെന്റ് ജോസഫ് തീർത്ഥ കേന്ദ്രത്തിലെ അനുഗ്രഹ ദായകനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിന് ആയിരങ്ങളെത്തി. ശനിയാഴ്ച വൈകീട്ട് നടന്ന സമൂഹ ദിവ്യബലിക്കും കൂട് തുറക്കൽ ശുശ്രൂഷക്കും അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമികത്വം വഹിച്ചു. ദേവാലയത്തിന് അകത്തും പുറത്തുമായി തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി വിശുദ്ധ യൗസേപ്പിതാവ്, പരിശുദ്ധ കനികാമറിയം, വിശുദ്ധ പത്രോസ് ശ്ലീഹ എന്നിവരുടെ തിരുസ്വരൂപങ്ങൾ ദേവാലയ മുഖമണ്ഡപത്തിൽ പ്രത്യേകം അലങ്കരിച്ച രൂപകൂടിൽ ഭക്ത ജനങ്ങൾക്ക് പൊതുവണക്കത്തിനായി സ്ഥാപിച്ചു. അൾത്താരയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ രൂപകൂട് തുറന്നതോടെ പള്ളിക്കകവും പരിസരവും വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർഥനാ മന്ത്രത്താൽ മുഖരിതമായി.
ഭക്തിസാന്ദ്രമായ കൂടുതുറക്കൽ ശുശ്രൂഷയ്ക്കുശേഷം തീർഥകേന്ദ്രം റെക്ടർ ഫാ. ആൻറണി ചെമ്പകശ്ശേരി പള്ളി വെടിക്കെട്ട് കമ്മിറ്റി കൺവീനർ എൻ.ജെ. ലിയോവിന് യോഗതിരി കൈമാറിയതോടെ വെടിക്കെട്ടിന് തുടക്കമായി. ആകാശത്ത് വർണപുഷ്പങ്ങൾ വിരിയിച്ച വെടിക്കെട്ട് വീക്ഷിക്കുന്നതിനായി വൻജനാവലിയാണ് തീർത്ഥ കേന്ദ്രത്തിൽ എത്തിയിരുന്നത്. രാത്രി എട്ടിനു തിരുനാൾ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ തിരുനടയ്ക്കൽ മേളം അരങ്ങേറി. രാത്രി വിവിധ കുടുംബ യൂണിറ്റുകളി ൽനിന്നുള്ള വള എഴുന്നള്ളിപ്പുകൾ വാദ്യമേളങ്ങളോടെ തീർത്ഥ കേന്ദ്രത്തിലെത്തി സമാപിച്ചു. ഞായറാഴ്ച പുലർച്ചെ നാലര മുതൽ തുടർച്ചയായി തീർത്ഥ കേന്ദ്രത്തിൽ ദിവ്യബലി ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ ഗാന പൂജയ്ക്ക് ഫാദർ ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികത്വം വഹിക്കും.ഫാദർ ജിബിൻ താഴെക്കാടൻ തിരുനാൾ സന്ദേശം നൽകും .ഫാദർ ലിവിൻ ചൂണ്ടൽ സഹകാർമികനാകും. രാവിലെ 9 മണിക്ക് ഇംഗ്ലീഷ് കുർബാനയും ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് തമിഴ് കുർബാനയും ഉണ്ടായിരിക്കും. ഉച്ചതിരിഞ്ഞ് നാലുമണിക്ക് നടക്കുന്ന ദിവ്യബലിക്ക് ശേഷം ഭക്തിസാന്ദ്രവും ആകർഷകവുമായ തിരുനാൾ പ്രദക്ഷിണം നടക്കും.