മതിലകം: ഓട്ടോ ടാക്സി ഇടിച്ചു കാൽ നട യാത്രക്കാരിയായ അധ്യാപിക മരിച്ചു. മതിലകം പഴയ കടവിനടുത്ത് താമസിക്കുന്ന കൊച്ചു വീട്ടിൽ ഫ്രാൻസിസ് ജേക്കബ് എന്ന ജൂഡിൻ്റെ ഭാര്യ ഷീല പിഗരസ് (55) ആണ് മരിച്ചത്. വളവനങ്ങാടി ഡോൺ ബോസ്കോ സ്ക്കൂളിലെ കെ.ജി.വിഭാഗം അധ്യാപികയാണ്. മതിലകം പാലത്തിന് കിഴക്ക് വെച്ച് തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഭർത്താവുമൊത്ത് മതിലകത്തെ ചർച്ചിലേക്ക് നടന്നു പോകുന്നതിനിടെ ഓട്ടോ ടാക്സി വേഗതയിൽ വന്നിടിക്കുകയായിരുന്നുവത്രെ. വീട്ടമ്മ സമീപത്തെ മതിലിലേക്ക് തെറിച്ച് വീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നിർത്താതെപോയ ഓട്ടോ ടാക്സി പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9.30ന് മതിലകം സെൻറ് ജോസഫ്സ് ലാററിൻ ചർച്ചിൽ നടക്കും. മക്കൾ: സ്റ്റീവൻസൺ (സിംഗപ്പൂർ), സ്റ്റാലൻസൺ.
next post