വാളയാർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് കേരളത്തിലേക്ക് 14.2 ലക്ഷം രൂപ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവരികയായിരുന്നു മലയാളിയെ അധികൃതർ പിടികൂടി. കേരള-തമിഴ്‌നാട് അതിർത്തിയിലെ വാളയാർ ചെക്ക്‌പോസ്റ്റിൽ ബസിനുള്ളിൽ നിന്നാണ് എറണാകുളം സ്വദേശിയായ വിനോ എന്നയാളെ പിടികൂടിയത്. ഇയാളുടെ വസ്ത്രത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇയാൾ കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇയാളെ ബസിൽ നിന്ന് ഇറക്കി പരിശോധിച്ചപ്പോൾ ഷർട്ടിനുള്ളിലെ ലൈനിംഗിനുള്ളിൽ നിന്ന് പണക്കെട്ടുകൾ കണ്ടെത്തി. മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ഒരു വ്യക്തിക്ക് 50,000 രൂപ മാത്രമേ കൈവശം വയ്ക്കാൻ അനുവാദമുള്ളൂ. അനുവദനീയമായ തുകയ്‌ക്ക് മുകളിൽ കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകള്‍ കൈയിൽ കരുതേണ്ടതും ആവശ്യമാണ്. ഉദ്യോഗസ്ഥർ തുക പിടിച്ചെടുത്ത് ആദായനികുതി വകുപ്പിനെ വിവരമറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.