തൃശൂർ: ജില്ലയിലെ മുഴുവൻ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം സജ്ജമായി. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പടെയുളള മുഴുവൻ ദൃശ്യങ്ങളും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തൽസമയം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും.
കളക്ടറേറ്റിലെ ഒന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ ഒരുക്കിയ കമാൻഡ് കൺട്രോൾ റൂമിൽ ബൂത്തുകളിൽ നിന്നുള്ള വെബ്കാസ്റ്റിങ് നിരീക്ഷിക്കും. ഒരു നിയമസഭാ മണ്ഡലത്തിന് ഒന്നുവീതം 13 ടെലിവിഷനുകളാണ് കൺട്രോൾ റൂമിൽ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ, പ്രശ്നബാധിത ബൂത്തുകളെ പ്രത്യേകം നിരീക്ഷിക്കാനുള്ള ക്രമീകരണവും ഉറപ്പാക്കിയിട്ടുണ്ട്. റവന്യൂ, ജി.എസ്.ടി, പി.ഡബ്ല്യൂ.ഡി, അക്ഷയ, ഐ-നെറ്റ് വിഭാഗങ്ങളിലെ ജീവനക്കാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിരീക്ഷിക്കുക. പോളിങ് ദിനത്തിൽ രാവിലെ ആറുമുതൽ പോളിങ് അവസാനിച്ച് ബൂത്തിലെ പ്രവർത്തനം അവസാനിക്കുന്നത് വരെ വെബ്കാസ്റ്റിങ് ഉണ്ടായിരിക്കും. പോളിങ് ബൂത്തിലെ പ്രശ്നങ്ങളും ആക്ഷേപങ്ങളും ഉദ്യോഗസ്ഥർക്ക് അറിയിക്കാൻ കോൾ സെന്ററും ഒരുക്കിയിട്ടുണ്ട്.