അന്തിക്കാട്: വോട്ട് ചെയ്യാൻ ഇലക്ട്രിക് വീൽ ചെയറിലെത്തിയ ഭിന്നശേഷിക്കാരന് അകത്തേക്ക് കയറാൻ റാമ്പ് ഇല്ലാത്തതിനാൽ കാൽ മണിക്കൂർ പുറത്ത് കാത്തു നിൽക്കേണ്ടി വന്നു. സാമൂഹിക പ്രവർത്തകനും ഹാം റേഡിയോ ഓപ്പറേറ്ററുമായ ശ്രീമുരുകൻ അന്തിക്കാടാണ് തെരഞ്ഞെടുപ്പിന് ഒരുക്കിയ ക്രമീകരണങ്ങളിലെ പാകപ്പിഴകൾ മൂലം വലഞ്ഞത്. മുറ്റിച്ചൂർ എഎൽപി സ്‌കൂളിൽ രാവിലെ 7.25 നാണ് ശ്രീമുരുകൻ വോട്ട് ചെയ്യാനെത്തിയത്.
വാഹനത്തിൽ നിന്നിറങ്ങിയ ശേഷം തന്റെ ഇലക്ട്രിക് വീൽചെയർ തനിയെ ഓടിച്ചാണ് സ്‌കൂളിന് പുറകു വശത്തുള്ള 29 ആം നമ്പർ പോളിങ് സ്റ്റേഷനിലെത്തിയത്. ഭിന്നശേഷി ക്കാർക്കുള്ള മുൻഗണന പ്രകാരം വോട്ട് ചെയ്യാൻ ശ്രീമുരുകന് അകത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടിയെങ്കിലും മുറിയുടെ കട്ടിള വാതിൽ തടസ്സമായി. സ്‌കൂളിൽ നിന്ന് തന്നെ ബഞ്ചിന്റെ മുകൾഭാഗം എടുത്ത് കൊണ്ടിട്ട് അതിനു മുകളിലൂടെ വീൽചെയർ കടത്തിവിട്ടാണ് ഉദ്യോഗസ്ഥർ ശ്രീമുരുകന് വഴിയൊരുക്കിയത്.