ഇരിങ്ങാലക്കുട: കാട്ടൂർ ഇല്ലിക്കാടിൽ മൂന്ന് യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 2 പ്രതികൾ അറസ്റ്റിൽ. കാട്ടൂർ വഴക്കല കണ്ടംകുളത്തി വീട്ടിൽ അതുൽ (24), എടക്കുളം പൂമംഗലം പഷണത്ത് വീട്ടിൽ ശിവനുണ്ണി (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കാട്ടൂർ ഇല്ലിക്കാട് പള്ളി പരിസരത്ത് വച്ചായിരുന്നു സംഭവം. കൂടൽമാണിക്യ ഉൽസവത്തിന് പോകുന്നവരും പോയി മടങ്ങുന്നവരും തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലുമെത്തിയത്. ചെന്ത്രാപ്പിന്നി മാടാനി വീട്ടിൽ ശ്രീരാഗ് (21), എടമുട്ടം കാരയിൽ വീട്ടിൽ ഷനിൽ (24), കഴിമ്പ്രം കൊല്ലാറ വീട്ടിൽ അതുൽ(23) എന്നിവർക്കാണ് കുത്തേറ്റത്.
ഇരു സംഘവും ബൈക്കുകളിലായിരുന്നു. കുത്തേറ്റ് റോഡിൽ കിടന്നവരെ നാട്ടുകാരാണ് ആശുപത്രികളിൽപ്രവേശിപ്പിച്ചത്. പ്രതികളെ തെറി വിളിച്ചതിലെ പ്രതികാരമാണ് അക്രമണത്തിന് കാരണം. തളിക്കുളം ബാറിൽ നടന്ന കൊലപാതക കേസ്സിലെ പ്രതിയാണ് അതുൽ. ഇപ്പോൾ ജാമ്യത്തിൽ ആണ്. സംഭവം കഴിഞ്ഞു ഒളിവിൽ കഴിഞ്ഞിരുന്ന അതുലിനെ വലപ്പാട് ബീച്ച് ഏരിയയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.