തൃശൂർ: ദേശീയപാത നെല്ലായി കൊളത്തൂരിൽ ബസ് ഇടിച്ച് കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. മുക്കാട്ടുകര അയ്യന്തോൾ വീട്ടിൽ 54 വയസുള്ള ക്രിസ്റ്റി, ഭാര്യ 46 വയസുള്ള നിഷ, ക്രിസ്റ്റിയുടെ സഹോദരൻ 64 വയസുള്ള ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ കൊളത്തൂർ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. പെട്ടെന്ന് ബ്രേയ്ക്കിട്ട ചരക്ക് ലോറിയിൽ ഇടിക്കാതിരിക്കാൻ നിർത്തിയ കാറിൽ പുറകിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
ബസ് ഇടിച്ച് നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ചുകയറി. ലോറിക്കും ബസിനും ഇടയിൽപ്പെട്ട കാർ പൂർണമായും തകർന്നു. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്സും കൊടകര പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.അപകടത്തെ തുടർന്ന് മുക്കാൽ മണിക്കൂറോളം ചാലക്കുടി ഭാഗത്തേക്കുള്ള പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.