ഗുരുവായൂർ: ചൂൽപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. കറുപ്പം വീട്ടിൽ കമറുദ്ദീന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന് പുറത്ത് വച്ചിരുന്ന സ്കൂട്ടറും അകത്തുണ്ടായിരുന്ന തയ്യൽ മെഷീനുമാണ് മോഷണം പോയത്. കമറുദ്ദീൻ വിദേശത്താണ്. ഭാര്യയും മകനും മാത്രമാണ് വീട്ടിൽ താമസം. ഇവർ ബുധനാഴ്ച തൃത്താലയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു.
ഇന്ന് രാവിലെ മോഷണ വിവരം അറിഞ്ഞാണ് ഇവർ തിരിച്ചെത്തിയത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. അലമാരയിൽ ഉണ്ടായിരുന്ന വാഹനത്തിന്റെ രേഖകളും താക്കോലും കവർന്നു. വീട്ടിലെ സിസിടിവി നശിപ്പിച്ച് ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയി. ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.