കൊടുങ്ങല്ലൂർ: നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് മേൽപ്പാലം നിർമ്മിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും ലഭിക്കാത്ത സാഹചര്യത്തിൽ നിലവിലുള്ള രീതിയിൽ തന്നെ റോഡ് നിർമ്മിക്കുമെന്ന് ദേശീയപാത ലൈസൺ ഓഫീസർ അറിയിച്ചു. ചന്തപ്പുര -കോട്ടപ്പുറം ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട ദേശീയപാത അധികൃതരുടെയും കരാറുകാരുടെയും പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി നഗരസഭ വിളിച്ച ചേർത്ത യോഗത്തിലാണ് ലെയ്സൺ ഓഫീസർ നിലപാടറിയിച്ചത്. നഗരത്തിലെ ഗതാഗത സംവിധാനം ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും യോഗം വിലയിരുത്തി. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര കാര്യക്ഷമമാക്കുന്നതിന് മെയ് പതിനഞ്ചോടു കൂടി ബൈപ്പാസിൽ സർവീസ് റോഡുകൾ തുറന്നു കൊടുക്കാൻ യോഗത്തിൽ ധാരണയായി.
ഡിവൈഎസ്പി ഓഫീസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള റോഡിൻ്റെ പണി പൂർത്തീകരിക്കാത്തതിനാൽ അവിടെ മാത്രം സർവീസ് റോഡിൽ നിന്ന് വാഹനങ്ങൾ തിരിച്ചുവിടും. ഈ മാസം അവസാനത്തോടുകൂടി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. ബൈപ്പാസ് റോഡിലുള്ള പാറപ്പൊടി ഉൾപ്പെടെയുള്ള മാലിന്യം ഉടനടി നീക്കം ചെയ്യും. ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി നഗരത്തിൽ നിലവിലുള്ള കാനകൾ ബൈപ്പാസിലെ കാനയുമായി ബന്ധിപ്പിച്ചത് പലതും തടസ്സപ്പെടുത്തിയ സാഹചര്യത്തിൽ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ ദേശീയപാത അധികൃതരും കരാറുകാരും സംയുക്തമായി മെയ് 15ന് സംയുക്ത പരിശോധന നടത്തും. ഗതാഗത സംവിധാനത്തിൽ വരുത്തുന്ന മാറ്റങ്ങൾ അതാത് സമയത്ത് നഗരസഭയും പോലീസുമായി ബന്ധപ്പെട്ട ശേഷം മാത്രമേ നടപ്പിൽ വരുത്തുകയുള്ളുവെന്നും യോഗം തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ വി.എസ്. ദിനൽ, മുൻ ചെയർമാൻ കെ ആർ ജൈത്രൻ, പ്രതിപക്ഷ നേതാവ് ടി. എസ്. സജീവൻ, കോൺഗ്രസ് കൗൺസിലർ വി.എം. ജോണി, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, ഒ. എൻ. ജയദേവൻ , നഗരസഭ സെക്രട്ടറി എൻ.കെ. വൃജ, കൗൺസിലർമാർ, പോലീസ്- ആർടിഒ ഉദ്യോഗസ്ഥർ, ദേശീയപാത അധികൃതർ, കരാർ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.