വാടാനപ്പള്ളി: പൊലീസ് ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലിസ് വീണ്ടും പിടികൂടി. തളിക്കുളം പത്താംകല്ല് കോപ്പൂർ വീട്ടിൽ അഭിഷേക് (25) ആണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട ശേഷം മണിക്കൂറുകൾക്കകം വീണ്ടും അറസ്റ്റിലായത്. ഇതര സംസ്ഥാന സ്വദേശിയെ അഭിഷേക് ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് അഭിഷേകിനെ വാടാനപ്പള്ളി പൊലിസ് പിടികൂടിയത്. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കിടന്നിരുന്ന അഭിഷേക് ഞായറാഴ്ച രാവിലെ കുടിക്കാൻ വെള്ളം ചോദിച്ചതിനെ തുടർന്ന് പൊലീസുകാർ വെള്ളം കൊടുത്തിരുന്നു. പിന്നീട് രാവിലെ ഏഴോടെ ഇയാൾ ഗ്രില്ലിനിടയിലൂടെ കൈയിട്ട് താഴ് തുറന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസെത്തി അഭിഷേകിനെ കണ്ടെത്താൻ വ്യാപകമായ തിരച്ചിലിനിടയിൽ അഭിഷേകിനെ മണിക്കുറുകൾക്ക് ശേഷം തളിക്കുളത്ത് നിന്ന് തന്നെ പിടികൂടുകയായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.