തൃപ്രയാർ: വീബി മാളിൽ പ്രവർത്തിക്കുന്ന അറേബ്യൻ ടീ ടൈം ഹോട്ടൽ ഉടമയെ നാലംഘ സംഘം ആക്രമിച്ചു. ഓത്തുപള്ളിക്കൽ വീട്ടിൽ ഷബീറിനെ കഴിഞ്ഞ ദിവസം രാത്രി കടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ നാലംഘ സംഘമാണ് ആക്രമിച്ചത്. ഭക്ഷണം ഓർഡർ ചെയ്ത യുവാക്കൾ ഭക്ഷണം പൂർണമായും കഴിച്ചു കഴിയാറായപ്പോൾ ഭക്ഷണത്തിൽ ചെറിയ എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞ് തുടങ്ങിയ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
തുടർന്ന് ഹോട്ടലുടമ ഭക്ഷണം പരിശോധിക്കുകയും ഭക്ഷണത്തിന് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് അവരെ അറിയിക്കുകയും ചെയ്തു. ഇതിനിടെ നാലംഘസംഘം ഹോട്ടലുടമ ഷബീറിനോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ ഷബീറിനെ ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറൻ്റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് പ്രതിഷേധിച്ചു, കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ആർ. എ. മുഹമ്മദ്, സെക്രട്ടറി അക്ഷയ് കൃഷ്ണ, ട്രഷറർ റഹ്മത്ത് ബാബു, വർക്കിംങ്ങ് പ്രസിഡൻ്റ് അഷ്റഫ് പാച്ചൂസ് എന്നിവർ സംസാരിച്ചു. ഇത് സംബന്ധിച്ച് വലപ്പാട് പോലീസിൽ പരാതി നൽകിയതായി ഭാരവാഹികൾ പറഞ്ഞു.